ഇനി ബെൻസിൽ പാറി നടക്കാൻ അഖിൽ മാരാർ. വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെൻസ് എസ്യുവിയുടെ ആഡംബര കാർ സ്വന്തമാക്കിയ സന്തോഷത്തിലാണ് അഖിൽ. കാർ വാങ്ങിയ സന്തോഷം അഖിൽ മാരാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കും…നിരത്തിലെ രാജാവ് ബെന്‍സ് GLS 350 ഇനി മുന്നോടുള്ള വഴികളിലെ പ്രതിസന്ധികള്‍ ഇവന് മുന്നില്‍ നിസാരമെന്നാണ് അഖിൽ മാരാർ കുറിച്ചത്. എല്ലാ നേട്ടങ്ങള്‍ക്കും കാരണമായ ഈശ്വരനും എന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരായിരം നന്ദി..’ എന്ന കുറിപ്പോടെയാണ് പുതിയ കാറിന്റെ ചിത്രങ്ങളും വിഡിയോയും അഖിൽ മാരാർ പങ്കുവച്ചിരിക്കുന്നത്.
കൊച്ചിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഷോറൂമായ അമാനി മോട്ടോര്‍സില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. മെഴ്സിഡീസ് ബെൻസ് ജിഎൽഎസ് 350ഡിയുടെ ഒബ്സിഡിയന്‍ ബ്ലാക്ക് നിറത്തിലുള്ള 2017 മോഡലാണ് ഇത്. 2016 മുതല്‍ വിപണിയിലുണ്ടായിരുന്ന കാറിന്റെ ഉല്‍പ്പാദനം 2020ൽ അവസാനിപ്പിച്ചു. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എൻജിനാണ് ഈ കാറിൽ. 255 ബിഎച്ച്പി പവറും 620 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സംവിധാനവും ഇതിൽ ഉൾപ്പെടുന്നു.