ഒന്നും രണ്ടും തലമുറകളില്‍ ഹോണ്ടയ്ക്ക് മികച്ച വില്‍പ്പന നേട്ടം സമ്മാനിച്ച അമേസ് മൂന്നാം തലമുറയിലേക്കുള്ള മാറ്റത്തിന്റെ ഒരുക്കത്തിലാണ്. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി അവതരിപ്പിക്കുന്ന മൂന്നാം തലമുറ അമേസ് 2024 ഡിസംബര്‍ മാസത്തോടെ നിരത്തുകളില്‍ എത്തിതുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അമേസിന്റെ യഥാര്‍ഥ സിലിവേറ്റും ഡിസൈനും നിലനിര്‍ത്തുന്നതിനൊപ്പം ഹോണ്ടയുടെ ഗ്ലോബല്‍ സെഡാന് മോഡലുകളില്‍ നല്കുന്ന ഏതാനും അലങ്കാരങ്ങള്‍ അധികമായി നല്‍കും. ഇന്റീരിയറില്‍ ഹോണ്ടയുടെ മിഡ് സൈസ് എസ്.യു.വി. മോഡലായ എലിവേറ്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളും സ്ഥാനം പിടിക്കും. കൂടുതല്‍ വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങള്‍ തുടങ്ങിയവയായിരിക്കും ഇന്റീരിയറില്‍ നല്‍കുക. പ്ലാറ്റ്ഫോം, എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ എന്നിവയില്‍ ശ്രദ്ധേയമായ മാറ്റവുമായായിരിക്കും പുതിയ അമേസ് എത്തുകയെന്നാണ് സൂചന. എന്നാല്‍, മെക്കാനിക്കലായുള്ള മാറ്റത്തിന് ഹോണ്ട മുതിരുന്നില്ലെന്നാണ് വിവരം. 90 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് തന്നെയായിരിക്കും പുതിയ അമേസിലും നല്‍കുക. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കും.
Honda Amaze arrives with third generation change; A notable change this time