രാജ്യത്ത് പുതിയ സിഎന്‍ജി പതിപ്പിനെ കൊണ്ടുവന്നിരിക്കുകയാണ് മാരുതി സുസുക്കി. പെട്രോള്‍ വേരിയന്റ് അവതരിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് പുതിയ സ്വിഫ്റ്റ് സിഎന്‍ജിയിലേക്കും ചേക്കേറിയിരിക്കുന്നത്. VXi, VXi (O), ZXi വേരിയന്റുകളില്‍ ലഭ്യമാവുന്ന മോഡലിന് 8.20 ലക്ഷം രൂപ മുതല്‍ 9.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ പതിനാലാമത്തെ സിഎന്‍ജി വാഹനമാണ് സ്വിഫ്റ്റ് സിഎന്‍ജി. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റോടു കൂടിയ പുതിയ Z12E പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റ് സിഎന്‍ജിക്ക് തുടിപ്പേകുന്നത്.
കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് സ്വിഫ്റ്റ് സിഎന്‍ജി നല്‍കുന്നുവെന്ന് മാരുതി പറയുന്നു.1.2 ലിറ്റര്‍ കെ-സീരീസ് എഞ്ചിന് നല്കുന്ന സ്വിഫ്റ്റ് സിഎന്‍ജിയേക്കാള്‍ ആറ് ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുള്ള കിടിലന്‍ എഞ്ചിനാണിതെന്നാണ് കമ്പനി പറയുന്നത്. എന്‍ട്രി ലെവല്‍ സ്വിഫ്റ്റ് സിഎന്‍ജി VXI വേരിയന്റില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. മിഡ്-ലെവല്‍ സ്വിഫ്റ്റ് VXi (O) പതിപ്പിന് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനും മറ്റ് ഫീച്ചറുകള്‍ക്കൊപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോളുകളും ലഭിക്കുന്നു.
സ്വിഫ്റ്റ് ZXi പതിപ്പില്‍ ആദ്യമായാണ് സിഎന്‍ജി എത്തുന്നത്. ഇത് റിയര്‍ വാഷര്‍ വൈപ്പര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ 15 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയ സവിശേഷതകളാല്‍ സമ്പന്നവുമാണ്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിനൊപ്പം എല്ലാത്തരം സവിശേഷതകളും തേടുന്ന ആളുകളുടെ ആവശ്യം കൂടിയതിനാലാണ് ടോപ്പ് എന്‍ഡിലേക്ക് സ്വിഫ്റ്റ് സിഎന്‍ജിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ സബ്സ്ക്രിപ്ഷന് പ്രോഗ്രാമിലൂടെയും പുതിയ സ്വിഫ്റ്റ് സിഎന്‍ജി വീട്ടിലെത്തിക്കാനാവും. രജിസ്ട്രേഷന്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് എന്നിവയും മറ്റും ഉള്‍ക്കൊള്ളുന്ന ഇതിന് പ്രതിമാസം വെറും 21,628 രൂപയാണ് മുടക്കേണ്ടി വരുന്നത്.
Maruti Swift comes with CNG version; Breakthrough mileage; Know the features