ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്സർ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. സൗകര്യവും സ്ഥലവും പ്രായോഗികതയും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിയുവിയായിരിക്കും വിൻഡ്സർ. പ്രീമിയം കാറുകളോട് കിടിപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഇത്രയും വലിയ കാറിന് വെറും 9.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 3 വേരിയന്റുകളിലും നാല് കളർ ഓപ്ഷനുകളിലും എംജി വിൻഡ്സർ ഇവി സ്വന്തമാക്കാനാവും. ഒക്ടോബർ മൂന്നിന് നവരാത്രിയോട് അനുബന്ധിച്ച് ഇലക്ട്രിക് എസ്യുവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഇക്കൂടെ ലൈഫ് ടൈം ബാറ്ററി വാറണ്ടിയും എംജി മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്.
135 ഡിഗ്രി വരെ ചാരിയിരിക്കുന്ന സീറ്റ് ബാക്ക് ആണ് പ്രധാന ഹൈലൈറ്റ്. ഇതിനെ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിംഗ് അനുഭവം എന്നാണ് എംജി മോട്ടോർസ് വിശേഷിപ്പിക്കുന്നതും. ഇതിന്റെ ഭാഗമായി USB ചാർജിംഗ് പോർട്ടുകൾ, പിൻ എസി വെന്റുകൾ, കപ്പ് ഹോൾഡറുകളുള്ള സെന്റർ ആംറെസ്റ്റ് എന്നിവയും ലഭിക്കും. ആക്സസറിയായി എംജി സീറ്റ് ബാക്ക് സ്ക്രീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വലിയ 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് ടെക്നോളജി, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് പാഡ്, കോൺഫിഗർ ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ സംവിധാനങ്ങളും വിൻഡ്സറിലുണ്ട്.
18 ഇഞ്ച് ക്രോം അലോയ് വീലുകൾ, ഫ്ലോട്ടിംഗ് റൂഫ്ലൈൻ, പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ, കണക്റ്റഡ് ടെയിൽലാമ്പുകൾ ക്രോം അലങ്കാരങ്ങൾ എന്നിവ കൂടിയാവുമ്പോൾ കാറിന് മൊത്തത്തിൽ ആഡംബരമായ എക്സ്റ്റീരിയറാണ് ലഭിക്കുന്നത്. അലങ്കോലമില്ലാത്ത ഡിസൈൻ ശരിക്കും എംജി വിൻഡ്സറിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യമായിരിക്കും. അകത്തേക്ക് കയറായിൽ എംജി വിൻഡ്സർ ഇവിയുടെ ഇന്റീരിയർ ബെയ്ജ് ഓവർ ബ്ലാക്ക് കോമ്പിനേഷനിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ആധുനിക കാലത്തെ എല്ലാത്തരം മോഡേൺ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഇലക്ട്രിക് കാർ അവതരിപ്പിച്ചിരിക്കുന്നത്. സീറ്റിന്റെ പാറ്റേണും സാധാരണ കാറുകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമാണ്.
Windsor officially introduced; These are the innovations offered by MG