
ബില്‍ഡ് യുവര്‍ ഡ്രീംസ് പുത്തനൊരു ഇലക്ട്രിക് എസ്യുവിയെ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ബിവൈഡി ഇന്ത്യ പുത്തന്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
സീലിയന്‍ 7 ഇലക്ട്രിക് എസ്യുവിയാവും കമ്പനി അടുത്തതായി ഇന്ത്യയില്‍ വിപണനത്തിനെത്തിക്കാന്‍ പോവുന്ന മോഡല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്കായി പുറത്തിക്കുന്ന ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ അഞ്ചാമത്തെ പാസഞ്ചര്‍ ഇലക്ട്രിക് വാഹനമായി സീലയണ്‍ മാറും.
ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബിവൈഡി സീലയണ്‍ പ്രാദേശികമായി വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സീലയണ്‍ 7 എന്നാണ് ഇതിന്റെ മുഴുവന്‍ പേര് വരുന്നത്. മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, സിഗ്‌നേച്ചര്‍ ‘ഓഷ്യന്‍ X’ ഫ്രണ്ട് സ്‌റ്റൈലിംഗ് എന്നിവയെല്ലാം ഇലക്ട്രിക് എസ്യുവിയെ കിടിലമാക്കുന്ന സംഗതികളാണ്. സീല്‍ സെഡാനില്‍ നിന്നും ധാരാളം ഘടകങ്ങള്‍ കടമെടുത്താണ് സീലയണ്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്റലിജന്റ് ടോര്‍ക്ക് ആക്ടീവ് കണ്‍ട്രോള്‍ (iTAC), വിപ്ലവകരമായ സെല്‍ ടു ബോഡി (CTB) ആര്‍ക്കിടെക്ച്ചര്‍ തുടങ്ങിയ സാങ്കേതികവിദ്യകളാല്‍ സമ്പന്നമായ ഈ എസ്യുവിയില്‍ ലോകത്തിലെ ആദ്യത്തെ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 8-ഇന്‍-1 ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉള്ളതായും ചൈനീസ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
VCU, BMS, MCU, PDU, DC-DC കണ്‍ട്രോളര്‍, ഓണ്‍ബോര്‍ഡ് ചാര്‍ജര്‍, ഡ്രൈവ് മോട്ടോര്‍, ട്രാന്‍സ്മിഷന്‍ തുടങ്ങിയ ഘടകങ്ങളെ ഒരൊറ്റ പാക്കേജിലേക്ക് ഇത് സംയോജിപ്പിക്കുന്നതാണ് പ്രത്യേകത. ഏകദേശം 4.8 മീറ്റര്‍ നീളമുള്ള ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് എസ്യുവി വിദേശത്ത് ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയര്‍വീല്‍ ഡ്രൈവ് പതിപ്പുകളിലാണ് വിപണനത്തിന് എത്തുന്നത്. 82.5 kWh മുതല്‍ 91.3 kWh വരെയുള്ള ഒന്നിലധികം ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതില്‍ ഏതാവും ഇന്ത്യയിലെത്തുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് എസ്യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് സിംഗിള്‍ ചാര്‍ജില്‍ 482 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. ഫോര്‍-വീല്‍ ഡ്രൈവ് മോഡലിന് ഏകദേശം 455 കിലോമീറ്റര്‍ റേഞ്ച് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു