ഭാവിയില്‍ മുംബൈയില്‍ ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങള്‍മാത്രം അനുവദിക്കാനുള്ള സാധ്യതയാരാഞ്ഞ് ബോംബെ ഹൈക്കോടതി. തീവ്രമായ വായുമലിനീകരണപ്രശ്‌നം കൈകാര്യംചെയ്യാന്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് ചോദിച്ച കോടതി, ഇത് ശരിയായി കൈകാര്യംചെയ്തില്ലെങ്കില്‍, നഗരത്തിലുടനീളം മൂടല്‍മഞ്ഞ് പരക്കുകയും ദൃശ്യസാധ്യത കുറയുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് തുടരുമെന്ന് അഭിപ്രായപ്പെട്ടു.
കടുത്തനടപടികളില്ലാതെ മുംബൈയിലെ കടുത്ത വായുമലിനീകരണം നിയന്ത്രിക്കാന്‍കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിലൂടെ ഭാവിയില്‍ നഗരത്തില്‍ ഇലക്ട്രിക് അല്ലെങ്കില്‍ സി.എന്‍.ജി. അധിഷ്ഠിത മോട്ടോര്‍വാഹനങ്ങള്‍ മാത്രം അനുവദിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അഭിഭാഷകരോടും അധികാരികളോടും ഹൈക്കോടതി ചോദിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായ, ജസ്റ്റിസ് ഗിരീഷ് എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ പ്രത്യേകബെഞ്ച് വായുമലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന സാഹചര്യം ബോധ്യപ്പെടുത്തിയുള്ള പൊതുതാത്പര്യ ഹര്‍ജികളും മറ്റുഹര്‍ജികളും പരിഗണിക്കുകയായിരുന്നു.
Are diesel vehicles the future? High Court advises to consider CNG option