500 കിലോമീറ്ററിന് മുകളിൽ മൈലേജുമായി പറക്കും; ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു

0

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഹൈലക്സ് പിക്കപ്പ് ട്രക്കിന്റെ അനേകം വേരിയന്റുകള്‍ ടൊയോട്ട പരിചയപ്പെടുത്തുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധനേടുന്നത് FCEV എന്ന ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ്. ഹൈലക്സ് പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പാണ് FCEV. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ കാണുന്ന അതേ ഡിസൈനാണ് ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വേരിയന്റിലും ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഇവിയായതിനാല്‍ മുന്‍വശത്ത് അല്‍പം പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരാനും ടൊയോട്ട തയാറായിട്ടുണ്ട്. ഡ്രൈവര്‍ സൈഡ് ഡോറിലും പിന്‍വശത്തും ‘FCEV’ ലോഗോ ഇടംപിടിച്ചിട്ടുണ്ട്.

റിയര്‍ വീല്‍ ഡ്രൈവായി പണികഴിപ്പിച്ചിരിക്കുന്ന വാഹനത്തിന് വണ്‍-പെഡല്‍ ഡ്രൈവിംഗ് മോഡിനായി റീജനറേറ്റീവ് ബ്രേക്കിംഗ് ഓപ്ഷനുകളും ടൊയോട്ട സമ്മാനിച്ചിട്ടുണ്ട്. BF ഗുഡ്റിച്ച് ടയറുകള്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, അണ്ടര്‍ബോഡി പ്രൊട്ടക്ഷന്‍ തുടങ്ങിയ ഓഫ്-റോഡ്-ഫ്രണ്ട്ലി ഡിസൈനുകളുമായാണ് പിക്കപ്പ് വരുന്നത്. യുകെയിലാണ് ഈ മോഡല്‍ വികസിപ്പിച്ചിരിക്കുന്നതെന്നാണ് ടൊയോട്ട പറയുന്നത്. അഡ്വാന്‍സ്ഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ വഴി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഫണ്ട് കണ്ടെത്തിയാണ് ലൈഫ് സ്‌റ്റൈല്‍ മോഡലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് ടൊയോട്ട നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ 201 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഹൈലക്സിന്റെ ഹൃദയം. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ ആശ്രയിച്ച് ടോര്‍ക്ക് ഔട്ട്പുട്ട് 420 Nm അല്ലെങ്കില്‍ 500 Nm ആയി മാറുകയും ചെയ്യുന്നു.

ഹൈലക്‌സിനെ ഹൈഡ്രജന്‍ പവറിലേക്ക് മാറ്റുന്നതിന് അതിന്റെ പരമ്പരാഗത 2.8 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ കമ്പനിക്ക് പൂര്‍ണമായും ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. പകരം ടൊയോട്ട മിറായിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഫ്യുവല്‍ സെല്‍ എഞ്ചിനാണ് ഹൈലക്സ് ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വേരിയന്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവ് ചെയ്യുമ്പോള്‍, ഫ്യുവല്‍ സെല്‍ ശുദ്ധജലമല്ലാതെ മറ്റ് മലിനീകരണങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹൈലക്സില്‍ മൂന്ന് ഹൈ-പ്രഷര്‍ ഫ്യുവല്‍ ടാങ്കുകളാണ് ഉപയോഗിക്കുന്നത്. ആയതിനാല്‍ പിക്കപ്പ് ട്രക്കിന് 587 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Hilux mileage and details

LEAVE A REPLY

Please enter your comment!
Please enter your name here