
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യ പ്രവേശനത്തിന്റെ സൂചന നല്‍കിക്കൊണ്ട് ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടെസ്ല ഇന്ത്യയിലെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കാനുള്ള ടെസ്ല മേധാവി ഇലോണ്‍ മസ്കിന്റെ നീക്കങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തൃപ്തനല്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്കും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നല്കിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ഇറക്കുമതി തീരുവ ലാഭിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാന്റ് നിര്‍മിക്കുന്നത് അങ്ങേയറ്റം അന്യായമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച് വ്യാപാര കരാറുകളുമായി മുന്നോട്ട് പോകാമെന്ന് നരേന്ദ്ര മോദി സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇലോണ്‍ മസ്കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുകയെന്നത് പ്രായോഗികമായി അസാധ്യമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇറക്കുമതി തീരുവയുടെ പേരില്‍ അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. മസ്ക് ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ എതിര്‍പ്പൊന്നുമില്ല. എന്നാല്‍, ഇത് അമേരിക്കയോട് ചെയ്യുന്ന അങ്ങേയറ്റത്തെ അനീതിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ ഈ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.
tesla india launch, trump expressed displeasure with musk