
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന നിരയിലേക്ക് 8 ലക്ഷം രൂപ ബജറ്റില്‍ കുഞ്ഞന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനവുമായി കടന്നു വരാന്‍ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. കുഷാഖിലും ടൈഗൂണിലും കണ്ടതുപോലെ കൈലാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം പണികഴിപ്പിക്കുക. അടുത്തിടെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന കാര്‍ണിവലില്‍ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പുത്തന്‍ കോംപാക്ട് എസ്യുവിയായ ടെറ ലോകത്തിനായി സമര്‍പ്പിക്കുകയുണ്ടായി. മോഡല്‍ ഈ വര്‍ഷം ആദ്യ പകുതിയോടെ ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിക്കും.
പൂര്‍ണമായും ബ്രസീലില്‍ വികസിപ്പിച്ചെടുത്ത ഈ കോംപാക്ട് എസ്യുവി ഫോക്‌സ്‌വാഗണ്‍ന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ ഭാഷ്യത്തെ ഉള്‍ക്കൊള്ളിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇതേ വാഹനത്തെയാവും കമ്പനി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുകയെന്നാണ് സൂചന. എന്നാല്‍ വളരെയധികം പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിലാവും സബ്-4 മീറ്റര്‍ എസ്യുവി നിര്‍മിക്കുക. ബ്രാന്‍ഡിന്റെ ഇലക്ട്രിക് I.D.4 ഇവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒപ്പം T-റോക്കിനെ അനുസ്മരിപ്പിക്കുന്ന കട്ടിയുള്ള റിയര്‍ പില്ലര്‍ ടെറയ്ക്ക് മസ്‌ക്കുലാര്‍ രൂപമാണ് സമ്മാനിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ന്റെ പ്രീമിയം എസ്യുവികളില്‍ നിന്ന് വ്യത്യസ്തമായി ടെറ ഇലുമിനേറ്റഡ് ലൈറ്റ് ബാറുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ബ്രസീലില്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ പോളോ ടിഎസ്ഐയുടെ അതേ 1.0 ലിറ്റര്‍ ടര്‍ബോ ഫ്‌ലെക്സ് എഞ്ചിനുമായാണ് വാഹനം വരുന്നതെന്നാണ് വിവരം. ഇത് 116 bhp പവറില്‍ പരമാവധി 164 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ വരുന്നത്. ടി-ക്രോസ്, നിവസ്, പോളോ എന്നിവയുമായി ഇത് MQB A0 മോഡുലാര്‍ പ്ലാറ്റ്ഫോം പങ്കിടുന്നു. ഇന്ത്യയില്‍ എത്തുമ്പോള്‍ ഫോക്‌സ്‌വാഗണ്‍ ടെറയില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനോടെയാവും വിപണനത്തിന് എത്തുക.
volkswagen small cars price starts 8 lakh