Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ടിയാ​ഗോ ഇവിയ്ക്ക് മുട്ടൻ പണിയാകുമോ? വെട്ടാൻ ചൈനീസ് ഭീമൻ എത്തുന്നു

പെട്രോൾ വില കുതിച്ചുയരുന്ന കാലത്ത് ഇലക്ട്രിക്ക് വാഹനങ്ങളാണ് നിരത്ത് കയ്യടക്കുന്നത്. ഇപ്പോഴിതാ ടിയാ​ഗോ ഇവിയെ വെട്ടാനായി ചൈനീസ് കാറുകൾ ഇന്ത്യൻ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്. ചൈനീസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ലീപ്‌മോട്ടോര്‍ ഇന്ത്യയിലേക്ക് എത്തുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. . സ്‌റ്റെല്ലാന്റിസുമായി ചേര്‍ന്നായിരിക്കും ലീപ് മോട്ടോര്‍ ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കാര്യം വൈകാതെ ലീപ്‌മോട്ടോര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈദ്യുത കാറുകളില്‍ തന്നെ ജനപ്രിയ ചെറുകാര്‍ വിഭാഗത്തിലായിരിക്കും ലീപ്‌മോട്ടോര്‍ ആദ്യ കാര്‍ അവതരിപ്പിക്കുക.

ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ ഇവിയുടെ എതിരാളിയാവാന്‍ പോന്ന ചെറുകാറുമായിട്ടായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈനീസ് കമ്പനിയുടെ വരവ്. ടി 03 എന്നു പേരിട്ടിരിക്കുന്ന ഹാച്ച്ബാക്കാണ് ലീപ്‌മോട്ടോര്‍ ഇന്ത്യയില്‍ അരങ്ങേറ്റത്തിനായി കരുതി വച്ചിരിക്കുന്നത്. 36.5 കിലോവാട്ട് ബാറ്ററിയുള്ള ഈ വാഹനത്തിന് 403 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. കൂടുതല്‍ വലിയ 5 സീറ്റര്‍ വാഹനമായ സി 10ഉം ലീപ്പ്‌മോട്ടോര്‍ ഇന്ത്യയിലെത്തിക്കും. ബിവൈഡിയുടെ അട്ടോ3, എംജി മോട്ടോഴ്‌സിന്റെ സിഎസ് ഇവി, ക്രേറ്റ ഇവി, മാരുതി ഇവിഎക്‌സ് എന്നിവയായിരിക്കും സി 10ന്റെ പ്രധാന എതിരാളികള്‍. ഈ വര്‍ഷം അവസാനം ലീപ്‌മോട്ടോര്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചനകള്‍.. ജീപ്, സിട്രോണ്‍ മോഡലുകല്‍ വില്‍ക്കുന്ന സ്‌റ്റെല്ലാന്റിസ് ഷോറൂമിലേക്ക് പുതിയൊരു ബ്രാന്‍ഡ് കൂടി എത്തുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് സ്റ്റെല്ലാന്റിസും കണക്കുകൂട്ടുന്നു. യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച സി 10, ടി 03 എന്നിവയുടെ ഇന്ത്യന്‍ വകഭേദങ്ങളാവും ഇവിടെയെത്തുക. ചെറുകാര്‍ വിഭാഗത്തില്‍ എ മുതല്‍ സി സെഗ്മെന്റ് വരെയും എംപിവി, എസ് യു വി, ഹാച്ച് ബാക്ക് എന്നിവയിലും ഭാവിയില്‍ ഇന്ത്യയില്‍ ലീപ് മോട്ടോര്‍ കാറുകള്‍ കൊണ്ടുവന്നേക്കാം.

Exit mobile version