ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസു വിപണിയില്‍ എത്തിക്കുന്ന ഡി-മാക്‌സ് വി-ക്രോസ്. കെട്ടിലും മട്ടിലും ആള് പുലി തന്നെയാണ്.
ഇസുസുവിന്റെ മറ്റ് മോഡലുകള്‍ക്ക് ലഭിക്കാത്ത സ്വീകാര്യത സ്വന്തമാക്കിയ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് മോഡലിന് 21.20 ലക്ഷം രൂപ മുതല്‍ 26.92 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് ഡി-മാക്‌സ് വി-ക്രോസ് എത്തിയിട്ടുള്ളത്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം ഇന്‍സേര്‍ട്ടുകളെല്ലാം ബ്ലാക്ക് നിറത്തിലേക്ക് മാറ്റിയത് വാഹനത്തിന്റെ ലുക്കിനെ പോലും മാറ്റുന്നുണ്ട്. ക്രോമിയം ഫിനീഷിങ്ങ് മാറിയത് ഗ്രില്ലില്‍ ഉള്‍പ്പെടെ പുതുമയേകുന്നുണ്ട്. ഇതിനൊപ്പം ബമ്പര്‍, ഫോഗ്‌ലാമ്പ് ക്ലെസ്റ്റര്‍, റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍ എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയ 18 ഇഞ്ച് അലോയി വീലും ഇതിലുണ്ട്.
ഇന്റീരിയറില്‍ കാര്യമായ പുതുമകള്‍ അവകാശപ്പെടാനാകില്ല. റിയര്‍ സീറ്റുകള്‍ക്ക് റിക്ലൈന്‍ ഫങ്ഷന്‍ നല്‍കിയതും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് ഒരുക്കിയിട്ടുള്ളതുമാണ് പുതുതായി നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്കിങ്ങ് ക്യാമറ, ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനം തുടങ്ങിയവയും ഈ വാഹനത്തിന്റെ ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്.