ഫാമിലിക്ക് സുഖമായി യാത്ര ചെയ്യാം; ഹോണ്ട ഫ്രീഡ് പൊളിയാണ്; ഉടൻ ജപ്പാനിലെ നിരത്തുകളിലേക്ക് എത്തും

0

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഫ്രീഡ് എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു എംപിവി ജപ്പാനില്‍ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ക്ക് അറിയില്ലെങ്കിലും ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള വളരെ ജനപ്രിയമായ മൂന്നുവരി മിനിവാനാണ് ഫ്രീഡ് (Honda Freed). ആസിയാന്‍ രാജ്യങ്ങളടക്കം ചില ആഗോള വിപണികളില്‍ ഹോണ്ട ഫ്രീഡ് വില്‍പ്പനക്കെത്തിക്കുന്നു. ജാപ്പനീസ് മാര്‍ക്കറ്റില്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ഫ്രീഡിന്റെ മൂടുപടമഴിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. അടുത്ത മാസം ഫ്രീഡ് ജപ്പാനില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജാപ്പനീസ് ജനതയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള എംപിവി പ്രേമികളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹോണ്ട സിറ്റി സെഡാന്‍ കാറിന്റെ പല സവിശേഷതകളും ഈ കാറിനുണ്ട്. ഇത് മാത്രമല്ല ഹോണ്ട ഫ്രീഡിന് പഴയൊരു ഇന്ത്യന്‍ കണക്ഷനുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി സുസുക്കി എര്‍ട്ടിഗ.മാരുതി എംപിവിക്കുള്ള എതിരാളിയെന്ന നിലയില്‍ 2012-ല്‍ ഹോണ്ട ഫ്രീഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അക്കാലത്തെ സിറ്റി, ജാസ് എന്നീ മോഡലുകളുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഫ്രീഡിന് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനായിരുന്നു ചിന്ത. എന്നാല്‍ എന്തുകൊണ്ടോ അത് പ്രാവര്‍ത്തികമായില്ല. പകരം 2014-ല്‍ മൊബീലിയോ എംപിവിയാണ് ഹോണ്ട ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പ്രാദേശികമായിട്ടായിരുന്നു മൊബീലിയോയുടെ നിര്‍മാണം.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2024 അപ്‌ഡേറ്റ് ലഭിക്കുമ്പോള്‍ ഹോണ്ട ഫ്രീഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് വ്യത്യസ്തമായ സ്‌റ്റൈലിംഗ് പാക്കേജിലാണ് പുതിയ ഫ്രീഡ് അരങ്ങേറിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫ്രീഡിന് ലളിതവും പ്രയോഗികവുമായ രൂപകല്‍പ്പന ലഭിക്കുന്നു. എന്നാല്‍ കുറച്ച് കൂടി പരുക്കന്‍ ലുക്കിലുള്ള ഫ്രീഡ് ക്രോസ്‌സ്റ്ററിന് വ്യത്യസ്തമായ ഗ്രില്‍, ബമ്പര്‍ ഡിസൈനുകളാണുള്ളത്. ഹോണ്ടയുടെ മറ്റൊരു കാര്‍ മോഡലിലും ഇവ കണ്ടെത്താന്‍ കഴിയില്ലെന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here