
ഹാസ്യതാരമായ വിനോദ് കോവൂരിന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിലിടം നേടിയതാണ്. മിനിസ്‌ക്രീനിൽ പൊട്ടിച്ചിരികൾ തീർക്കുന്ന നടൻ ഇപ്പോൾ തന്റെ യാത്രകൾക്കായി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വിനോദ് കോവൂർ തന്നെയാണ് പുതിയ വാഹനം വാങ്ങിയവിവരം പങ്കുവെച്ചത്.മാരുതി സുസുക്കിയുടെ എസ്.യു.വി.യായ ഗ്രാൻഡ് വിത്താരയാണ് വിനോദ് കോവൂരിന്റെ പുതിയ വാഹനം. കുടുംബത്തിൽ പുതിയ അതിഥിയെത്തി എന്ന കുറിപ്പോടെയാണ് കാറിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രം നടൻ പങ്കുവെച്ചത്.ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിൽക്കുന്ന മിഡ്‌സൈസ് എസ്.യു.വി.യെന്ന നേട്ടം സ്വന്തമാക്കിയ വാഹനമാണ് മാരുതി സുസുക്കി ഗ്രാന്റ് വിത്താര. 2022 സെപ്റ്റംബർ 26-നാണ് ഗ്രാന്റ് വിത്താര വിപണിയിൽ എത്തുന്നത്.ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നൽകിയിരുന്നത്.
27.97 കിലോ മീറ്റർ/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റർ എൻജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നൽകുന്നത്. ഈ എൻജിൻ 92 ബി.എച്ച്.പി. പവറും 122 എൻ.എം. ടോർക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോർ 79 ബി.എച്ച്.പി. പവറും 141 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് ഇതിലുള്ളത്.മൈൽഡ് ഹൈബ്രിഡ് മോഡലിൽ മാരുതിയുടെ 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഈ എൻജിൻ 103 ബി.എച്ച്.പി. പവറും 137 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ സി.എൻ.ജി. പതിപ്പും വിപണിയിൽ എത്തിയിട്ടുണ്ട്. 1.5 ലിറ്റർ എൻജിൻ കരുത്തേകുന്ന ഈ മോഡൽ 87.83 പി.എസ്. പവറും 121.5 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഇത് എത്തുന്നത്. ഒരു കിലോഗ്രാം സി.എൻ.ജിയിൽ 26.6 കിലോമീറ്റർ മൈലേജാണ് ഉറപ്പുനൽകുന്നത്.
Actor vinod kovoor buy a new car