തിരുവനന്തപുരം : വാഹനങ്ങളിലെ ഹെഡ്‌ലൈറ്റില്‍ എല്‍.ഇ.ഡി ലൈറ്റ് അടിച്ച് പായുന്നുണ്ടേൽ സൂക്ഷിച്ചോ! പണി വരുന്നുണ്ട് അവറാച്ച!
അല്ലെങ്കില്‍ എച്ച്.ഐ.ഡി ബള്‍ബ് ഘടിപ്പിക്കുള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡി ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ ലാമ്പുകള്‍ക്ക് പകരം എല്‍.ഇ.ഡി ലാമ്പുകളും എച്ച്.ഐ.ഡി ലാമ്പുകളും ഹെഡ് ലൈറ്റില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാമ്പുകള്‍ക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാല്‍ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കള്‍ ഹാലജൻ ലാമ്ബുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകള്‍ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബള്‍ബ് നീക്കം ചെയ്ത് അവിടെ നേരിട്ട് എല്‍.ഇ.ഡി അല്ലെങ്കില്‍ എച്ച്.ഐ.ഡി ബള്‍ബ് ഘടിപ്പിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.
ലാമ്പ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗില്‍ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്‌ലൈറ്റ് ഡിം ചെയ്താല്‍ പോലും എതിരെയുള്ള വാഹനങ്ങളില്‍ ഉള്ള ഡ്രൈവർക്ക് ഒന്നും കാണാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. എല്‍.ഇ.ഡി, എത്ത്.ഐ.ഡി ബള്‍ബുകളില്‍ റിഫ്ലക്ടറുകള്‍ക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നല്‍ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങള്‍ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്ബോള്‍ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകള്‍ക്ക് 5000 രൂപ പിഴ ഈടാക്കുമെന്നും എം.വി.ഡി അറിയിച്ചു.