
ബെംഗളൂരു: ജര്‍മനിയിലെ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ദാതാക്കളായ ഫ്‌ലിക്സ് ബസ് ബെംഗളൂരുവില്‍നിന്ന് ആലുപ്പുഴയിലേക്ക് സര്‍വീസ് ആരംഭിച്ചു. രാത്രി 8.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.5-ന് ആലപ്പുഴയിലെത്തും. തിരിച്ച് ആലപ്പുഴയില്‍നിന്ന് രാത്രി 7.30-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.25-ന് ബെംഗളൂരുവിലെത്തും.കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഫ്‌ലിക്സ് ബസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ 1400 രൂപയാണ് നിരക്ക്.ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഗോവയിലേക്കും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്ക് 1600 രൂപയാണ് നിരക്ക്.
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഗോവയെയും കേരളത്തെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്‌ലിക്സ്ബസ് ഇന്ത്യ എം.ഡി. സൂര്യ ഖുറാന പറഞ്ഞു. മിതമായ നിരക്കില്‍ സുഖകരവും പ്രകൃതിസൗഹൃദവുമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗതാഗതരംഗത്ത് വിപണിസാന്നിധ്യം വികസിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ ബസ് സര്‍വീസുകള്‍.സ്ഥിരംയാത്രക്കാരുള്ള പ്രത്യേക സീസണുകളും ആഘോഷദിവസങ്ങളുംകൂടി കണക്കിലെടുത്താണ് ഈ രണ്ട് റൂട്ടുകളിലും ബസുകള്‍ ഇറക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍നിന്ന് ചെന്നൈ, ഹൈദരാബാദ്, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. ഭാവിയില്‍ കേരളത്തിലുള്‍പ്പെടെ 33 നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും.
Bus service connecting Bangalore to Goa from Alleppey; German company to establish foothold in South India