ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ യൂലർ മോട്ടോർസ് ബുധനാഴ്ച രണ്ട് ഇലക്ട്രിക് കെമേഴ്ഷ്യൽ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന ഈ മോഡലുകളിലൂടെ ലൈറ്റ് കെമേഴ്ഷ്യൽ വാഹന വിഭാഗത്തിലേക്ക് കാലൂന്നിയിരിക്കുകയാണ് യൂലർ മോട്ടോർസ്. കമ്പനിയുടെ പുതിയ ഇവികളെയും അവയുടെ സവിശേഷതകളും ചുവടെ വിശദീകരിക്കാം.
യൂലർ പുതുതായി പുറത്തിറക്കിയ ചെറു വാണിജ്യ വാഹനമാണ് ‘സ്റ്റോം ഇവി’. രണ്ട് വേരിയന്റുകളിലായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കാർഗോ വാഹനങ്ങളുടെ വില 8.99 ലക്ഷം മുതൽ 12.99 ലക്ഷം വരെയാണ് പോകുന്നത്. സ്റ്റോം ഇവിയുടെ രണ്ട് മോഡലുകളും ഇന്റർസിറ്റി, ഇൻട്രാസിറ്റി ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. സ്റ്റോം ഇവിയുടെ ആദ്യ വേരിയന്റിന്റെ പേര് ലോംഗ് റേഞ്ച് 200 (ഇന്റർസിറ്റി) എന്നും രണ്ടാമത്തെ വേരിയന്റിന്റെ പേര് സ്റ്റോം ഇവി T 1250 (ഇൻട്രാസിറ്റി) എന്നുമാണ്.
സ്റ്റോം ഇവി ലോംഗ് റേഞ്ച് 200 വേരിയന്റ് നഗരങ്ങൾക്കിടയിൽ ചരക്ക് കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. 30 kWh ബാറ്ററി പായ്ക്കിൽ നിന്ന് പവർ എടുക്കുന്ന വാഹനം 200 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇത്തരം വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്നത് യൂലർ സ്‌റ്റോം ഇവി ലോംഗ് റേഞ്ച് പതിപ്പാണ്. ഇതിൽ നൽകിയിരിക്കുന്ന സിസിഎസ് ഫാസ്റ്റ് ചാർജിംഗ് സജ്ജീകരണത്തിന്റെ ബലത്തിൽ ഹൈവേയിൽ നിലവിലുള്ള ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് എളുപ്പത്തിൽ ചാർജ് ചെയ്യാം.