
ഭാരതീയ സേനയുടെ വാഹന വ്യൂഹത്തിലേക്ക് രാജ്യത്തെ മുൻനിര ലൈഫ് സ്റ്റൈൽ എസ്‌യുവി മോഡലായ ഫോഴ്‌സ് ഗൂർഖയും എത്തുന്നു. സൈനികരുടെ ഉപയോഗത്തിനും യാത്രയ്ക്കുമായി 2978 ഗൂർഖ എസ്‌യുവികൾ നിർമിക്കുന്നതിനാണ് പ്രതിരോധ വകുപ്പ് ഫോഴ്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപും ഫോഴ്‌സ് വാഹനങ്ങൾ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. ആർമി സ്‌പെക് ഗൂർഖ, ട്രാക്‌സ് ക്രൂയിസർ, ട്രാവലർ തുടങ്ങിയ ഫോഴ്‌സ് മോഡലുകളാണ് സൈന്യത്തിന്റെ വാഹനവ്യൂഹത്തിലുള്ളത്.
ഫോഴ്‌സ് ഗൂർഖയിൽ നൽകിയിട്ടുള്ള ഓഫ് റോഡ് ഫീച്ചറുകളാണ് സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് തിരഞ്ഞെടുക്കാൻ കാരണമെന്നാണ് വിലയിരുത്തലുകൾ. ഉയർന്ന വാട്ടർ വേഡിങ് കപ്പാസിറ്റി നൽകി ഹെവി ഡ്യൂട്ടി ലാഡർ ഫ്രെയിം ഷാസിയിലാണ് ഗൂർഖ നിർമിച്ചിരിക്കുന്നത്. ഷിഫ്റ്റ് ഓൺ ഫ്‌ളൈ ഫോർ വീൽ ഡ്രൈവ് വിത്ത് ഹൈ ആൻഡ് ലോ റേഞ്ച് ഗിയർബോക്‌സ് ആണ് ഈ വാഹനത്തിന്റെ ഓഫ് റോഡ് പെർഫോമെൻസ് കാര്യക്ഷമമാക്കുന്നത്. ഇതിനൊപ്പം മുന്നിലേയും പിന്നിലേയും ആക്‌സിലുകളിൽ നൽകിയിട്ടുള്ള ലോക്കിങ് ഡിഫറൻഷ്യലുകളും ഹൈലൈറ്റാണ്.
മുൻനിരയിൽ ഇൻഡിപെൻഡന്റ് സസ്‌പെൻഷനും പിന്നിൽ മൾട്ടി ലിങ്ക് സസ്‌പെൻഷൻ നൽകിയിട്ടുള്ളതിനാൽ മോശം റോഡുകളിൽ പോലും മികച്ച ഡ്രൈവിങ്ങും ഈ വാഹനം ഉറപ്പാക്കും. കമ്പനി തന്നെ ഘടിപ്പിച്ചിരിക്കുന്ന സ്‌നോർക്കൽ, 700 എംഎം വാട്ടർ വേഡിങ് കപ്പാസിറ്റി, 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 37 ഡിഗ്രി അപ്രോച്ച്, 28 ഡിഗ്രി ബ്രേക്ക്ഓവർ, 33 ഡിഗ്രി ഡിപാർച്ചർ ആംഗിളുകളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 18 ഇഞ്ച് വലിപ്പമുള്ള ഓൾ ടെറൈൻ ടയറുകൾ അടിസ്ഥാനമായി നൽകുന്നതും ഈ വാഹനത്തിന്റെ ഓഫ് റോഡ് ശേഷിക്ക് സഹായകമാകും.
Force Gurkha in indian army