റൈഡര്‍ എന്ന മോഡലുമായി കളംപിടിച്ച ടിവിഎസ് വില്‍പ്പനയിലും കുതിക്കുകയാണ്. ഇതുവരെ 10 ലക്ഷം വില്‍പ്പനയും ബൈക്ക് കരസ്ഥമാക്കി കഴിഞ്ഞു. പത്ത് ലക്ഷം വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ സ്മരണയ്ക്കായി റൈഡര്‍ IGO എന്ന് പേരിട്ടിരിക്കുന്ന റൈഡറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. iGO അസിസ്റ്റ് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ്-ഫസ്റ്റ് ബൂസ്റ്റ് മോഡും അവതരിപ്പിക്കുന്നുണ്ട്. ഇത് ബൈക്കിന്റെ പെര്‍ഫോമന്‍സ് യോഗ്യതകള്‍ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്. കാഴ്ച്ചയിലും ആള് കൂടുതല്‍ പരിഷ്ക്കാരിയായിട്ടുണ്ട്. റൈഡര്‍ IGO വേരിയന്റ് കോണ്ട്രാസ്റ്റ് റെഡ് അലോയ് വീലുമായാണ് വരുന്നത്. ഒപ്പം പുതിയ നാര്‍ഡോ ഗ്രേ കളര്‍ ഓപ്ഷനും മോട്ടോര്‍സൈക്കിളില്‍ ലഭിക്കും. 85-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു റിവേഴ്സ് എല്‍സിഡി കണക്റ്റഡ് ക്ലസ്റ്ററും പുതുമോഡലിന് അഴകേകുന്നുണ്ട്.
iGO അസിസ്റ്റ് ഘടിപ്പിച്ച ടിവിഎസ് റൈഡര്‍ 6,000 ആര്‍പിഎമ്മില്‍ 11.75 Nm ക്ലാസ്-ലീഡിംഗ് ടോര്‍ക്കാണ് വാഗ്ദാനം ചെയ്യുന്നത്. iGO അസിസ്റ്റ് അതിന്റെ ആദ്യ സെഗ്മെന്റ് സവിശേഷതയായ ബൂസ്റ്റ് മോഡ് ഉപയോഗിച്ച് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത 5.8 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനും വേരിയന്റിനാവും. കൂടാതെ ഇന്ധനക്ഷമതയില്‍ 10 ശതമാനം പുരോഗതിയുണ്ടെന്നും ടിവിഎസ് പറയുന്നു. iGO അസിസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനെ അപേക്ഷിച്ച് 0.55 Nm അധിക ടോര്‍ക്ക് നേടാന്‍ സഹായിക്കും.125 സിസി സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ മോട്ടോര്‍സൈക്കിളാണ് റൈഡര്‍ എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മികച്ച ഇന്‍-ക്ലാസ് ആക്സിലറേഷന് സഹായിക്കുന്നത് ബൂസ്റ്റ് മോഡാണെന്ന് പറയേണ്ടതില്ലല്ലോ. റിവേഴ്സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ബ്ലൂടൂത്ത്, വോയ്സ് അസിസ്റ്റന്‍സ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, നോട്ടിഫിക്കേഷനുകള്‍, കോള്‍ അലേര്‍ട്ടുകള്‍ എന്നിവയെല്ലാം ആക്സസ് ചെയ്യാനാവും.
7,500 ആര്‍പിഎമ്മില്‍ 11.2 bhp പരമാവധി കരുത്ത് നല്കുന്ന 124.8 സിസി എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് 3V എഞ്ചിനാണ് ടിവിഎസ് റൈഡറിന് കരുത്തേകുന്നത്. ഒന്നിലധികം റൈഡ് മോഡുകളും 125 സിസി ബൈക്കിന്റെ സവിശേഷ സവിശേഷത. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. അതേസമയം മണിക്കൂറില്‍ 99 കിലോമീറ്ററാണ് പരമാവധി വേഗമായി ടിവിഎസ് പറയുന്നത്.
ലിറ്ററിന് 67 കി.മീ. മൈലേജാണ് ടിവിഎസ് റൈഡറില്‍ അവകാശപ്പെടുന്നത്. പുതിയ iGo വേരിയന്റിന് ഇതില്‍ കൂടുതല്‍ നല്‍കാനാവും. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്പെന്‍ഷനായി മുന്‍വശത്ത് ലോ-ഫ്രക്ഷന് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള് മോണോഷോക്കും ആണ് ഇടംപിടിച്ചിരിക്കുന്നത്. ഇതിന് സ്പ്ലിറ്റ് സീറ്റും 17 ഇഞ്ച് ചുവപ്പില്‍ തീര്‍ത്ത അലോയ് വീലുകളും വരെ ലഭിക്കുന്നുണ്ട്. പുതിയ ടിവിഎസ് റൈഡര്‍ iGO പതിപ്പിന് 98,389 രൂപയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്നത്. മസ്കുലാര്‍ ടാങ്ക്, സ്നാസി ഹൈഡ്ലൈറ്റ്, മിനിമലിസ്റ്റിക് ടെയില്‍ ലാമ്പ് എന്നിവയുടെ കൂടെ സ്പോര്‍ട്ടിയര്‍ ഡിസൈന്‍ കൂടിയാവുമ്പോള്‍ ബൈക്ക് കളറാവുന്നുണ്ട്. 180 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും 780 മില്ലീമീറ്റര്‍ സീറ്റ് ഉയരവുമാണ് ബൈക്കിനുള്ളത്.
Here’s a rider for riders; TVS Rider IGO is here