ആനവണ്ടിയുടെ ഡബിൾ ഡക്കർ അടിമുടി മാറി നഗരത്തിലേക്ക് ഇറങ്ങി

0

തിരുവനന്തപുരം: ആനവണ്ടിയുടെ ഡബിൾ ഡക്കർ അടിമുടി മാറി ന​ഗരത്തിലേക്ക് ഇറങ്ങി. കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു. ആനയറ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് തന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നുവെന്നും മന്ത്രി ഗണേഷ്‌കുമാര്‍ ചടങ്ങില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബസിന്റെ നിര്‍മ്മാണം.

50 പേര്‍ക്ക് പുറംകാഴ്ചകള്‍ കണ്ടുകൊണ്ട് ബസില്‍ യാത്ര ചെയ്യാം. കുടിവെള്ളം, കോഫി വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളും ബസിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പാപ്പനങ്ങാട് ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്‌ഷോപ്പിലായിരുന്നു ബസിന്റെ നിര്‍മാണം. പഴയ കെ.എസ്.ആര്‍.ടി.സി. ബസ് നവീകരിച്ചാണ് റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് നിര്‍മിച്ചിരിക്കുന്നത്. ബസ് നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ‘കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് ഈ ബസ് സര്‍വീസ്. എന്റെ മനസ്സിലെ ഒരു പഴയ സ്വപ്നമാണ് ഈ ബസ്. തിരുവനന്തപുരത്ത് ഓടുന്ന രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എന്നും നിറഞ്ഞാണ് ഓടുന്നത്. മൂന്നാറിലും ഡബിള്‍ ഡെക്കര്‍ ബസ് ലാഭമുണ്ടാക്കും എന്നാണ് പ്രതീക്ഷ,’ ഗതാഗത മന്ത്രി പറഞ്ഞു.

10 ദിവസത്തേക്ക് ബസ് തിരുവനന്തപുരത്ത് ഉണ്ടാകും. പിന്നീട് മൂന്നാറിലേയ്ക്ക് കൊണ്ട് പോകും. അവിടെ ഈ ബസ് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഷെഡ് സജ്ജമാക്കുകയാണ്. മൂന്നാറില്‍ ബസിന്റെ സര്‍വീസ് രാവിലെ 10 മണി മുതല്‍ ആരംഭിക്കാനാണ് കരുതുന്നത്. മൂന്നാറില്‍വെച്ച് ടൂറിസം വകുപ്പ് മന്ത്രിയെ കൊണ്ട് ഫ്‌ലാഗ് ഓഫ് ചെയ്യിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കോവിഡിന് പിന്നാലെ കേരളത്തിലെ ടൂറിസം കള്‍ച്ചര്‍ മാറിയിട്ടുണ്ട്. മലയാളികള്‍ കൂടുതല്‍ ഭംഗിയുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇന്ന് വിദേശികള്‍ മാത്രമല്ല, നമ്മള്‍ തന്നെയാണ് ടൂറിസ്റ്റുകളെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here