Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

വൂളിങ് ക്ലൗഡിന് സമാനമായ രൂപം, എം.ജി. വിന്‍ഡ്‌സര്‍ ഇവി കാത്തരിക്കുന്നത് തകർപ്പൻ സർപ്രൈസ്

എം.ജി. മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനനിരയിലെ മൂന്നാമത്തെ മോഡല്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. എം.ജി. വിന്‍ഡ്‌സര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം സെപ്റ്റംബര്‍ 11-നാണ് അവതരിപ്പിക്കുന്നത്. ചൈനയില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള വൂളിങ് ക്ലൗഡിന് സമാനമായ രൂപത്തില്‍ ഒരുങ്ങുവെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ഇലക്ട്രിക് സി.യു.വി. ശ്രേണിയിലേക്കാണ് എത്തുന്നത്. വരവിന് മുന്നോടിയായി വാഹനത്തിന്റെ ഹൈലൈറ്റായ ഫീച്ചറുകള്‍ വെളിപ്പെടുത്തി തുടങ്ങിയിരിക്കുകയാണ് എം.ജി.‌

ടീസര്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ എം.ജി. കോമറ്റില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ സ്റ്റിയറിങ്ങ് വീലാണ് വിന്‍ഡ്‌സറിലും നല്‍കിയിരിക്കുന്നത് എന്ന് കാണാം. എന്നാല്‍, ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ളതിനാല്‍ കൂടുതല്‍ സ്വിച്ചുകള്‍ ഇതിലുണ്ട്. 8.8 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ടീസറില്‍ കാണാം. ഈ ഫീച്ചറുകള്‍ എല്ലാം കൊണ്ടുതന്നെ ഇന്റലിജെന്റ് സി.യു.വിയെന്നാണ് എം.ജി. ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

വിന്‍ഡസറിന്റെ വിശാലമായ ഗ്ലാസ് റൂഫ് വെളിപ്പെടുത്തിയുള്ള ടീസര്‍ കഴിഞ്ഞ ദിവസം എം.ജി. മോട്ടോഴ്‌സ് വെളിപ്പെടുത്തിയിരുന്നു. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ ഗ്ലാസ് റൂഫ് വാഹനത്തില്‍ നല്‍കുന്നതെന്നാണ് എം.ജി. മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ഇതിനൊപ്പം 135 ഡിഗ്രി റിക്ലൈന്‍ ചെയ്യാന്‍ സാധിക്കുന്ന എയറോ ലോഞ്ച് സീറ്റുകളും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായി ഈ വാഹനത്തില്‍ നല്‍കുമെന്ന് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരുന്നു.‌

ഏറ്റവും ഒടുവിലായി വിന്‍ഡ്‌സര്‍ ഇ.വിയില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഈ വാഹനം ഉള്‍പ്പെടുന്ന സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് എം.ജി. അറിയിച്ചിരിക്കുന്നത്. 15.6 ഇഞ്ച് വലിപ്പത്തിലുള്ള ഗ്രാന്റ്‌വ്യൂ ടച്ച് ഡിസ്‌പ്ലേയാണ് വിന്‍ഡസറില്‍ നല്‍കിയിരിക്കുന്നതെന്നാണ് ടീസര്‍ വീഡിയോയിലൂടെ എം.ജി. മോട്ടോഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.

MG Windsor India’s first intelligent CUV

Exit mobile version