എതിരാളികളുടെ ഭീഷണിയില്ലാതെ ടൊയോട്ടയുടെ വെല്‍ഫയര്‍ എന്ന മോഡല്‍ സ്വൈരവിഹാരം നടത്തുന്ന പ്രീമിയം എം.പി.വി. ശ്രേണിയിലാണ് എം.ജി. മോട്ടോഴ്‌സ് ഇത്തവണ കണ്ണുവെച്ചിരിക്കുന്നത്. ടൊയോട്ട എത്തിക്കുന്നത് ഹൈബ്രിഡ് കരുത്തിലുള്ള വാഹനമാണെങ്കില്‍ വിപണിയില്‍ ഇലക്ട്രിക് മോഡല്‍ ഇറക്കി ചെക്കുവെക്കാനാണ് എം.ജി. മോട്ടോഴ്‌സ് തയാറെടുക്കുന്നത്. ഇതിനായി ചൈനീസ് നിരത്തുകളില്‍ മിഫ9 എന്ന പേരില്‍ എത്തിച്ചിരുന്ന വാഹനം എം9 എന്ന പേരില്‍ ഇന്ത്യയില്‍ എത്തുകയാണ്.
അവതരണം സംബന്ധിച്ച തീയതി നിശ്ചിയിച്ചിട്ടില്ലെങ്കിലും ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് എംജി ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് എം9-ന് ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. പ്രീമിയം വാഹനങ്ങളുടെ വിതരണത്തിനായി എം.ജി. മോട്ടോഴ്‌സ് ഒരുക്കുന്ന സെലക്ട് ഡീലര്‍ഷിപ്പിലൂടെയായിരിക്കും എം9 എംപിവി വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് വിവരം.
വിദേശ വിപണികളില്‍ മിഫ 9 എന്ന പേരില്‍ എം.ജി. മോട്ടോഴ്സ് എത്തിച്ചിട്ടുള്ള എം.പി.വിയെ അടിസ്ഥാനമാക്കിയാണ് എം9 ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ആക്സിലില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഫ്രെണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. 90 കിലോവീട്ട് ശേഷിയുള്ള ബാറ്ററി പാക്ക് നല്‍കിയെത്തുന്ന എം9-ന് 430 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പ് നല്‍കുന്നത്. 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമായിരിക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.
MG’s new model in premium mpv cars