നാലാം തലമുറ ഡിസയറിന്റെ ലോഞ്ച് സംബന്ധിച്ച് പുത്തന്‍ വിവരങ്ങള്‍ പുറത്തു വിടാനൊരുങ്ങി മാരുതി. മാരുതി സുസുക്കി ഡിസയറിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഏറെ നാളായി പരീക്ഷണം തുടങ്ങിയിട്ട്. ഔട്ട്ഗോയിംഗ് മോഡലിനെ പോലെ തന്നെ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ആയിരിക്കും ഡിസയറിന്റെയും നിര്‍മാണം. സ്വിഫ്റ്റിനേക്കാള്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഡിസയര്‍ വരിക. മാത്രമല്ല ഡിസൈനിലും ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകും.
ഹെഡ്‌ലൈറ്റുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍, ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം പുനര്‍രൂപകല്‍പ്പന ചെയ്യും. ഹെഡ്‌ലൈറ്റുകള്‍ക്ക് സ്വിഫ്റ്റില്‍ നിന്ന് വ്യത്യസ്തമായ ഡിസൈന്‍ ഉണ്ടായിരിക്കും. അതുപോലെ, അലോയ് വീലുകളുടെ രൂപകല്‍പ്പനയും വ്യത്യസ്തമായിരിക്കും. കാറിലെ പിന്‍ഭാഗത്തായിരിക്കും മറ്റൊരു പ്രധാന മാറ്റം. എല്‍ഇഡി ഘടകങ്ങളുള്ള പുതിയ ടെയില്‍ ലാമ്പുകള്‍ക്കൊപ്പം പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ എന്‍ഡായിരിക്കും ഡിസയറിന് ലഭിക്കുക. ഫീച്ചറുകളുടെ കാര്യത്തില്‍ സ്വിഫ്റ്റിനേക്കാള്‍ സമ്പന്നന്‍ ആയിരിക്കും ഡിസയര്‍. സ്വിഫ്റ്റിന് സമാനമായ ഡാഷ്ബോര്‍ഡ് ലേഔട്ട് ഡിസയറിലും കൊണ്ടുവരും. സിംഗിള്‍ പേന്‍ ഇലക്ട്രിക് സണ്‍റൂഫ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പുതിയ തലമുറ മോഡലില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍.
സിംഗിള്‍ പേന്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ സെഡാന്‍ ആയിരിക്കും ഡിസയര്‍. പുതിയ മോഡലിന് 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് Z സീരീസ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും ഉണ്ടാകുക. സിറ്റി ഡ്രൈവുകളിലെ മികച്ച പെര്‍ഫോമന്‍സിനും ഇന്ധനക്ഷമതയ്ക്കും വേണ്ടി ജാപ്പനീസ് വാഹന നിര്‍മാതാവ് പുതുതായി വികസിപ്പിച്ച എഞ്ചിനാണിത്.
കൂടുതല്‍ മൈലേജുള്ള പതിപ്പായിരിക്കും ഇത്. മാരുതി സുസുക്കി ഡിസയര്‍ നിലവില്‍ സിഎന്‍ജി ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 31.12 കിലോമീറ്റര്‍ മൈലേജാണ് ഡിസയര്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ എഞ്ചിനുമായി വരുമ്പോള്‍ ഡിസയര്‍ സിഎന്‍ജിയുടെ ഇന്ധനക്ഷമത വീണ്ടും കൂടും. ഒരു കിലോയ്ക്ക് 35 കിലോമീറ്റര്‍ മൈലേജ് വരെ പ്രതീക്ഷിക്കാം. ഉയര്‍ന്ന മൈലേജ് നല്‍കാന്‍ കഴിയുന്ന സെഡാന്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ വരുന്നത് വരെ കാത്തിരിക്കാം. നാലാം തലമുറ മാരുതി സുസുക്കി ഡിസയറിന്റെ പ്രാരംഭ വില ഏകദേശം 7 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ടോപ്പ്സ്പെക്ക് വേരിയന്റിന്റെ വില ഏകദേശം 10.50 ലക്ഷം രൂപ വരെ പോകാം.
New Maruti Suzuki Dzire will coming soon