ടാറ്റയുടെ വാഹനനിരയിലെ ഏക്കാലത്തേയും മികച്ച മോഡലായ നെക്സോണ്‍ സി.എന്‍.ജിയിൽ ഉടനെത്തും. ഈ വര്‍ഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കണ്‍സെപ്റ്റ് മോഡലായി നെക്സോണ്‍ സി.എന്‍.ജി. പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇതിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് വരവിനൊരുങ്ങുന്നത്. ടാറ്റ കര്‍വ് പെട്രോള്‍-ഡീസല്‍ മോഡലുകളുടെ അവതരണത്തിന് പിന്നാലെ തന്നെ നെക്സോണ്‍ സി.എന്‍.ജിയും എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സി.എന്‍.ജി. കരുത്തിലെത്തുന്ന ആദ്യ ടര്‍ബോ എന്ജിന് വാഹനമെന്ന ഖ്യാതിയോടെയായിരിക്കും ടാറ്റ നെക്സോണ്‍ സി.എന്‍.ജി. എത്തിക്കുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് സമാനമായി തന്നെയായിരിക്കും നെക്സോണ്‍ സി.എന്‍.ജി. മോഡല്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് കണ്‍സെപ്റ്റ് മോഡല്‍ നല്കിയ സൂചന
സി.എന്‍.ജി. വാഹനങ്ങളില്‍ ഡ്യുവല്‍ സിലിണ്ടര്‍ സംവിധാനം, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് തുടങ്ങിയവ എത്തിച്ചതിന്റെ ക്രെഡിറ്റ് ടാറ്റയ്ക്കുള്ളതാണ്. നെക്സോണ്‍ സി.എന്‍.ജിയിലും അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് പുറമെ, എ.എം.ടിയും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയില്‍ നിന്ന് മുമ്പ് നിരത്തുകളില്‍ എത്തിയ സി.എന്‍.ജി. മോഡലുകളായ ടിഗോര്‍, ടിയാഗോ എന്നീ വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സംവിധാനം നല്‍കിയിരുന്നു.
സി.എന്‍.ജി. മോഡല്‍ കൂടി എത്തുന്നതോടെ വിവിധ ഇന്ധനങ്ങള്‍ കരുത്തേകുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എസ്.യു.വി. എന്ന അംഗീകാരവും ടാറ്റ നെക്സോണിന് സ്വന്തമാകും. നിലവില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നീ കരുത്തുകളിലാണ് ഈ വാഹനം എത്തുന്നത്. നാല് മോഡലുകളാണ് ഇപ്പോള്‍ ടാറ്റയുടെ സി.എന്‍.ജി. വാഹനശ്രേണിയിലുള്ളത്. ടിയാഗോ, ടിഗോര്‍, അള്‍ട്രോസ്, പഞ്ച് എന്നീ മോഡലുകളാണ് ടാറ്റ മോട്ടോഴ്സ് സി.എന്‍.ജിയില്‍ വിപണിയില്‍ എത്തിക്കുന്നത്.
nexon cng coming soon, Tata is ready to change