ഥാർ പ്രേമികളുടെ കാത്തിരിപ്പിന് ക്ലൈമാക്സ്. 5 ഡോർ മോഡൽ ഥാർ റോക്‌സിന്റെ ബുക്കിങ് മഹീന്ദ്ര ആരംഭിച്ചു. ദസറയുടെ വേളയിൽ ഉപഭോക്താക്കൾക്ക് വാഹനം ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈൽ എസ്.യു.വി. മോഡലായ ഥാറിന്റെ അഞ്ച് ഡോർ പതിപ്പായാണ് ഥാർ റോക്സ് എന്ന മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഡോറുമായി എത്തിയ ഥാറിനെക്കാൾ വലിപ്പം കൂടിയതിനൊപ്പം രണ്ട് ഡോറുകൾ കൂടി അധികമായി നൽകിയതാണ് പ്രധാനമായും വരുത്തിയിട്ടുള്ള മാറ്റം. എം ഗ്ലൈഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റത്തിനൊപ്പം ഥാറിനെക്കാൾ 443 എം.എം നീളവും 50 എം.എം. വീതിയും 79 എം.എം. ഉയരവും 400 എം.എം. അധിക വീൽബേസും നൽകിയാണ് ഥാർ റോക്സിനെ ഥാറിനെക്കാൾ വലിയ വാഹനമാക്കിയിരിക്കുന്നത്.
ആറ് സ്ലോട്ടുകളായി തിരിച്ച് രണ്ട് കളങ്ങളായി ഒരുക്കിയിരിക്കുന്ന ഗ്രില്ല്, സി ഷേപ്പിൽ നൽകിയിട്ടുള്ള ഡി.ആർ.എല്ലിനൊപ്പം സ്‌ക്വയർ പ്രൊജക്ഷൻ എൽ.ഇ.ഡിയിൽ നൽകിയിട്ടുള്ള ലൈറ്റും ചേർന്നാണ് ഥാർ റോക്സിൽ ഹെഡ്ലാമ്പായിരിക്കുന്നത്. ഇരട്ട നിറങ്ങളിൽ അത്യാവശ്യം വലിപ്പത്തിലാണ് മുന്നിലെ ബമ്പർ. ഇതിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ഫോഗ്ലാമ്പ് പോലും എൽ.ഇ.ഡിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവർക്ക് 360 ഡിഗ്രിയിലും കാഴ്ച ഉറപ്പാക്കുന്നതിനുള്ള ക്യാമറയും മുന്നിലുണ്ട്.
ലൈഫ് സ്‌റ്റൈൽ എസ്.യു.വി, ഓഫ് റോഡ് വാഹനം തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി നൽകിയിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നനാണ് ഥാർ റോക്സ്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉയർന്ന വകഭേദത്തിലുള്ളത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ പുതുതലമുറ കണക്ടിവിറ്റി സംവിധാനങ്ങൾക്കൊപ്പം അലക്സയുടെ പിന്തുണയും ഇതിലുണ്ട്. പേരുപോലെ തന്നെ എന്റർടെയ്ൻമെന്റിനുള്ള മാർഗങ്ങളും ഇൻഫർമേഷനുള്ള ആപ്പുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതേ വലിപ്പത്തിലാണ് തീർത്തിരിക്കുന്നത്. പൂർണമായും ഡിജിറ്റലായാണ് ഈ സ്‌ക്രീനും ഒരുക്കിയിട്ടുള്ളത്