Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

വിപണയിൽ നഷ്ടം തീർത്ത ജൂലൈ മാസം; വിറ്റഴിഞ്ഞത് എസ്.യുവികൾ മാത്രം

ജൂലായിൽ മഹീന്ദ്ര, കിയ, ടൊയോട്ട എന്നിവ ഒഴികെ പ്രധാന വാഹന നിർമ്മാതാക്കളെല്ലാം വില്പനയിൽ നിരാശജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ചെറു വാഹനങ്ങളുടെ വില്പന കുത്തനെ കുറയുന്നതിനിടെ സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക്(എസ്.യു.വി) മാത്രമാണ് ആവശ്യക്കാർ ഏറുന്നത്. ഇടത്തരം വരുമാനമുള്ളവർ മാത്രമാണ് ചെറു വാഹനങ്ങളിൽ നിന്ന് വലിയ വാഹനങ്ങളിലേക്ക് അപ്പ്‌ഡേറ്റ് ചെയ്യുന്നതെന്ന് കാർ വിപണിയിലുള്ളവർ പറയുന്നു.

മാരുതി സുസുക്കി

കഴിഞ്ഞ മാസം മാരുതി സുസുക്കിയുടെ വില്പന നാല് ശതമാനം ഇടിഞ്ഞ് 1,75,041 യൂണിറ്റുകളായി. മുൻവർഷം ഇക്കാലയളവിൽ 1,81,630 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി 1,37,463 വാഹനങ്ങളാണ് ജൂലായിൽ വിറ്റഴിച്ചത്. അതേസമയം മാരുതി സുസുക്കിയുടെ വാഹന കയറ്റുമതി കഴിഞ്ഞ മാസം 23,985 യൂണിറ്റുകളായി ഉയർന്നു.

ഹ്യുണ്ടായ്

ജൂലായിൽ 49,013 വാഹനങ്ങളാണ് ഹ്യുണ്ടായ് മോട്ടോഴ്സ് വിറ്റഴിച്ചത്. കയറ്റുമതി 15,550 യൂണിറ്റുകളാണ്. ഹ്യുണ്ടായ് ക്രെറ്റ മികച്ച വാങ്ങൽ താത്പര്യം നേടിയെങ്കിലും കമ്പനിയുടെ മൊത്തം വില്പന താഴേക്ക് നീങ്ങി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

ജൂലായിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 41,623 വാഹനങ്ങൾ വിറ്റഴിച്ചു. മുൻവർഷത്തേക്കാൾ വില്പനയിൽ 15 ശതമാനം വർദ്ധനയാണുണ്ടായത്. അതേസമയം വിദേശ വിപണികളിൽ മാന്ദ്യം ശക്തമായതിനാൽ കയറ്റുമതിയിൽ 40 ശതമാനം ഇടിവുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസക്കാലയളവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വില്പന 22 ശതമാനം ഉയർന്ന് 1,67,871 യൂണിറ്റുകളായി. മികച്ച വാങ്ങൽ താത്പര്യമാണ് കമ്പനിയുടെ എസ്.യു.വി മോഡലുകൾക്ക് ലഭിക്കുന്നത്. 2.2 ലക്ഷം വാഹനങ്ങളുടെ ബുക്കിംഗാണ് കമ്പനിക്കുള്ളത്. എക്സ്.യു.വി 700, സ്‌കോർപ്പിയോ എൻ, സ്‌കോർപ്പിയോ ക്ളാസിക്, ബൊലേറോ, ഥാർ എന്നിവയുടെയെല്ലാം വില്പനയിൽ മികച്ച വർദ്ധന ദൃശ്യമായി.

ടൊയോട്ട കിർലോസ്‌ക്കർ

ജൂലായിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വില്പനയാണ് ടൊയോട്ട കിർലോസ്‌ക്കർ ഇന്ത്യയിൽ നേടിയത്. കഴിഞ്ഞ മാസം 29,533 വാഹനങ്ങളാണ് ടൊയോട്ട വിറ്റഴിച്ചത്. ഇക്കാലയളവിൽ കമ്പനി 2,123 വാഹനങ്ങൾ കയറ്റി അയച്ചു. മുൻവർഷത്തേക്കാൾ കയറ്റുമതിയിൽ 44 ശതമാനം വർദ്ധനയുണ്ടായി. മഹാരാഷ്ട്രയിൽ പുതിയ ഉത്പാദന സംവിധാനം ഒരുക്കുന്നതിനായി ടൊയോട്ട സംസ്ഥാന സർക്കാരുമായി കരാർ ഒപ്പുവെച്ചിരുന്നു.

കിയ മോട്ടോഴ്സ്

കഴിഞ്ഞ മാസം കിയ മോട്ടോഴ്സ് ഇന്ത്യയിൽ 20,507 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻമാസത്തേക്കാൾ രണ്ടര ശതമാനം വർദ്ധനയാണ് വില്പനയിലുണ്ടായത്. പുതുതായി അവതരിപ്പിച്ച സോണറ്റ് മോഡലിനാണ് ഏറ്റവും മികച്ച വില്പന ലഭിച്ചത്. കരേൻസ്, സെൽറ്റോസ് എന്നിവയും മികച്ച വില്പന നേടി. അടുത്ത മാസങ്ങളിൽ വില്പന മെച്ചപ്പെടുത്താനായി പുതിയ മോഡലുകൾ അവതരിപ്പിക്കുവാനാണ് കിയ തയ്യാറെടുക്കുന്നത്.

The month of July was a loss in the vehicle market?

Exit mobile version