ടൊയോട്ടയുടെ അടുത്തിടെ ആഗോള വിപണിയിൽ അവതരിപ്പിച്ച ലാൻഡ് ക്രൂയിസർ പ്രാഡോ ഇന്ത്യയിലേക്ക് എത്തുന്നു. രാവണപ്രഭുവിലൂടെ മോഹൻലാൽ ഹിറ്റാക്കിയ ടൊയോട്ടോ പ്ലാഡോയുടെ പുതുമുറക്കാരൻ എത്തുമ്പോൾ കെട്ടിലും മട്ടിലും മാറ്റമുണ്ട്. . അടുത്ത വർഷം പകുതിയോടെ ഈ വാഹനം ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടും പല രാജ്യങ്ങളിലേക്കും പതിയെ പതിയെയാണ് ഈ വാഹനം കടന്നുചെല്ലുന്നത്. അതിൽ പ്രധാനപ്പെട്ട വിപണിയായി ടൊയോട്ട കാണുന്ന ഇടമാണ് ഇന്ത്യ. ചില വിപണികളിൽ ലാൻഡ് ക്രൂയിസർ 250 എന്ന പേരിലാണ് വാഹനം വിൽക്കുന്നത്. എന്നാൽ ഇന്ത്യയിൽ പ്രാഡോയുടെ പേരിലാവും ഈ വാഹനം വിൽക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ലാൻഡ് ക്രൂയിസർ 300 മോഡൽ നിലവിലുള്ളതിനാൽ തന്നെ പ്രാഡോ ബ്രാൻഡിംഗിന് കീഴിൽ തന്നെയാവും മോഡലിന്റെ വരവ്. പുതിയ ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്‌മെന്റിൽ ഒരു ഗെയിം ചേഞ്ചർ ആവുമെന്നാണ് കരുതപ്പെടുന്നത്. ഓൺ റോഡ്-ഓഫ് റോഡ് ശേഷിയുടെ കാര്യത്തിൽ മറ്റേതൊരു എസ്‌യുവിയോടും അടിച്ചു നിൽക്കാൻ ഈ മോഡലിന് കഴിയുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.
അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു വാഹനം തന്നെയാണ് ഇത്. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ വലുപ്പം ഇതിന് നൽകിയിട്ടുമുണ്ട്. മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്‌ഹോൾസ്‌റ്ററി, ന്യൂ ജൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റമുള്ള റാപറൗണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രത്യേകതകൾ ഈ വാഹനത്തിനുണ്ടാവും.ഏത് സാഹചര്യത്തിലും ഓടിക്കാൻ കഴിയുന്ന വാഹനമാണ് ഇതെന്നാണ് ടൊയോട്ട പറയുന്നത്. ഈ വാഹനത്തിന്റെ ഓഫ്‌റോഡ് കപ്പാസിറ്റി പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. ടൊയോട്ടയുടെ കാര്യം പറയുമ്പോൾ ഇത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. വിപണിയിൽ പ്രധാനമായും ലാൻഡ് റോവർ ഡിഫൻഡർ ഉൾപ്പെടെയുള്ള മോഡലുകളാണ് ഇതിന്റെ എതിരാളിയായി ഉണ്ടാവുക.
Toyota Prado is back