
മൈലേജിൽ പറപറക്കും. എഫ്‌സി-എസ് എഫ്ഐ ഹൈബ്രിഡ് ബൈക്ക് പുറത്തിറക്കി യമഹ. 155 സിസി സെഗ്മെന്റിൽ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോർസൈക്കിളാണിത്. OBD2B മാനദണ്ഡങ്ങളോടെ പരിഷ്ക്കരിച്ച എൻജിൻ, യമഹ സ്കൂട്ടറുകളിലേതിന് സമാനമായ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന സ്റ്റാർട്ടർ മോട്ടോർ ജനറേറ്റർ (SMG) എന്നിവയാണ് മുൻപുണ്ടായിരുന്ന എഫ്‌സിയിൽനിന്നുള്ള പ്രധാന മാറ്റം.
സ്മാർട്ഫോൺ, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.2 ഇഞ്ചിന്റെ പുതിയ കളർ ടി.എഫ്.ടി ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. ടേൺ ബൈ ടേൺ നാവിഗേഷൻ, റിയൽ ടൈം ഡയറക്ഷൻസ്, മ്യൂസിക് കൺട്രോൾ, ലാസ്റ്റ് പാർക്ക്ഡ് ലൊക്കേഷൻ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തി. ഹാൻഡിൽ ബാർ പൊസിഷനിലും ഹോൺ സ്വിച്ചിന്റെ സ്ഥാനത്തിലും ഹൈബ്രിഡ് മോഡലിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. റേസിങ് ബ്ലൂ, സിയാൻ മെറ്റാലിക് ഗ്രേ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും എത്തി. 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ FZ-S Fi ഹൈബ്രിഡ് പ്രദർശിപ്പിച്ചിരുന്നു. സൈലന്റായി എൻജിൻ സ്റ്റാർട്ടാകുന്നതിനായി സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററാണ് സഹായിക്കുന്നത്. ട്രാഫിക്കിൽ എൻജിൻ പെട്ടെന്ന് കട്ട് ഓഫ് ആകുന്നതിനും ക്ലച്ച് പിടിക്കുമ്പോൾ ഉടൻ സ്റ്റാർട്ട് ആകുന്നതിനുമുള്ള സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റത്തിനെയും SMG സഹായിക്കുന്നു. ചെറിയ ബാറ്ററിയാണ് ഈ ഹൈബ്രിഡ് സംവിധാനത്തിലുള്ളത്. ആക്സിലറേഷന് അനുസരിച്ചാകും ബാറ്ററി ചാർജാവുക. ഇന്ധനക്ഷമത വർധിപ്പിക്കുമെന്നതാണ് ഹൈബ്രിഡിന്റെ പ്രത്യേകത.മുൻ മോഡലിന് സമാനമായ സിംഗിൾ സിലിണ്ടർ എയർ കുൾഡ് 149സിസി എൻജിനാണ് വാഹനത്തിന്റെ ഹൃദയം. 12.4 എച്ച്.പി പവറും 13.3 എൻഎം ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 138 കിലോഗ്രാമാണ് ഭാരം. FZ-S V4 മോഡലിനേക്കാളും 1-2 കിലോ ഭാരം കൂടുതലാണ് ഹൈബ്രിഡ് മോഡലിന്.
yamaha hybrid scooter details