ഇന്ത്യൻ ട്രക്ക് വിപണിയിൽ വെല്ലുവിളി; വരുന്നു സാനിയുടെ കൂറ്റൻ ഇലക്ട്രിക്ക് ട്രക്ക്

0

ഇന്ത്യൻ ട്രക്ക് വിപണിയിൽ വെല്ലുവിളി ഉയർത്തി കൂറ്റൻ ഇലക്ട്രിക്ക് ട്രക്ക് എത്തിച്ച് സാനി. 70,000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് ഡാംപ് ട്രക്ക് SKT105E യാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്.ആഗോള സാങ്കേതികവിദ്യക്കൊപ്പം പ്രാദേശിക നിര്‍മാണ മികവു കൂടി ഉപയോഗിച്ചാണ് സാനി ഇന്ത്യയുടെ ട്രക്ക് നിര്‍മാണം.ഇലക്ട്രിക് ഡാംപ് ട്രക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സാനി ഇന്ത്യയുടെ തീരുമാനം.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു ഖനനം നടത്തുന്ന ഓപ്പണ്‍ കാസ്റ്റ് മൈനിങിന് വലിയ തോതില്‍ ഉപയോഗിക്കാവുന്ന വാഹനമാണ് സാനി ഇന്ത്യയുടെ SKT105E വൈദ്യുത ട്രക്ക്. പരമാവധി പെര്‍ഫോമെന്‍സ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം കുറഞ്ഞ മലിനീകരണവും കാര്‍ബണ്‍ ഫൂട്ട്പ്രിന്റുമുള്ള ട്രക്കായിരിക്കും ഇത്. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഭാഗമാവാന്‍ ഈ ട്രക്കുമുണ്ടാവുമെന്നും സാനി ഇന്ത്യ പറയുന്നു.’ഇന്ത്യന്‍ ഖനന വ്യവസായത്തിലെ ചരിത്രപരമായ നിമിഷമാണ് SKT105E രേഖപ്പെടുത്തുന്നത്. ട്രക്ക് നിര്‍മാണം തദ്ദേശീയമാക്കുകയും വൈദ്യുത സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്തതോടെ വാഹന നിര്‍മാണത്തിലെ കാര്യക്ഷമത വര്‍ധിച്ചു. ഇത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള സംഭാവന കൂടിയാണ്’ സാനി ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ദീപക് ഗാര്‍ഗ് പറഞ്ഞു.

മണ്ണ് നീക്കം ചെയ്യുക, ഭാരം ഉയര്‍ത്തുക, കണ്ടെയ്‌നര്‍ നീക്കം, ഖനനം, റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ഖനികളിലും തുറമുഖങ്ങളിലും ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും എന്നിവയെല്ലാം സാനി ഇന്ത്യ നിര്‍മിക്കുന്നുണ്ട്. എക്‌സ്‌കവേറ്ററുകള്‍, ട്രക്കില്‍ ഘടിപ്പിച്ച ക്രെയിനുകള്‍, എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന ക്രയിനുകള്‍, കോണ്‍ക്രീറ്റ് മിക്‌സര്‍, പൈലിങ് റിഗ്‌സ്, മോട്ടോര്‍ ഗ്രേഡേഴ്‌സ്, റെയില്‍ മൗണ്ടഡ് ഗാന്റ്‌റി ക്രെയിന്‍, വിന്‍ഡ് ടര്‍ബൈന്‍ ജെനറേറ്റര്‍ എന്നിങ്ങനെ വലിയ ഭാരം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും വാഹനങ്ങളുമാണ് സാനി ഇന്ത്യ നിര്‍മിക്കുന്നത്.

ഭാരമേറിയ ജോലികള്‍ ചെയ്യുന്ന വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഖനികളിലുമെല്ലാം ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് സാനി ഇന്ത്യ. ചൈനീസ് കമ്പനിയായ സാനി ഗ്രൂപ്പിന്റെ ഇന്ത്യന്‍ വകഭേദമായ സാനി ഇന്ത്യ 2012ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ സാനി ഗ്രൂപ്പിന്റെ ചൈനക്കു പുറത്തുള്ള ഏറ്റവും വലിയ ഉപകമ്പനിയാണ് സാനി ഇന്ത്യ. പുണെയിലെ ചാകനിലുള്ള ഫാക്ടറി 750 കോടി രൂപ ചിലവിട്ടാണ് നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here