അടിമുടി മാറ്റവുമായി ബജാജ് പള്‍സര്‍ F250 പുറത്തിറങ്ങി. രണ്ട് പുതിയ ഫീച്ചറുകളും ഒരു അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും സഹിതം ഈ വര്‍ഷം ആദ്യമാണ് ബജാജ് പരിഷ്‌കരിച്ച പള്‍സര്‍ N250 പുറത്തിറക്കിയത്. എന്നാല്‍ 2024 പള്‍സര്‍ F250 മോഡലില്‍ പരമ്പരാഗതമായ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നിലനിര്‍ത്തിക്കൊണ്ട് സമാനമായ അപ്ഡേറ്റുകള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് കമ്പനി. ഏറ്റവും വലിയ പള്‍സര്‍ എന്ന ടാഗ്‌ലൈനോടെ എത്തിയ പള്‍സര്‍ NS400Z ന്റെ ആഗോള ലോഞ്ചില്‍ പ്രദര്‍ശിപ്പിച്ച ബൈക്കിന്റെ വിലകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബജാജ്.
വളരെ സൈലന്റായാണ് ബജാാജ് പള്‍സര്‍ F250 വിപണിയില്‍ എത്തിച്ചത്. ബൈക്ക് ഇതിനോടകം ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
നേക്കഡ് ബൈക്കിന് യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുമ്പോള്‍ F250-ക്ക് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്ക് മതിയെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. ഒരുപക്ഷേ ചെലവ് കുറയ്ക്കാന്‍ വേണ്ടി ആയിരിക്കാം ബജാജിന്റെ വിചിത്രമായ നീക്കമെന്ന് നമുക്ക് അനുമാനിക്കാം. ഫീച്ചര്‍ വശം നോക്കുമ്പോള്‍ കോളുകള്‍ക്കും എസ്എംഎസ് അലേര്‍ട്ടുകള്‍ക്കും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അതേ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതിന് ലഭിക്കുന്നു.ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ 2024 ബജാജ് പള്‍സര്‍ 250-ക്ക് റെഡ് ഗ്രാഫിക്‌സിനൊപ്പം പുതിയ ബ്ലാക്ക് കളര്‍ ഓപ്ഷനും. ഇതുകൂടാതെ ബൈക്കിന്റെ മൊത്തത്തിലുള്ള സ്‌റ്റൈലിംഗില്‍ മാറ്റമില്ല.
ബജാജ് പള്‍സര്‍ F250-യും 2024 പള്‍സര്‍ N250-യും തമ്മില്‍ ലുക്കിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് സെമി ഫെയറിംഗ് ആണ്.ഏതായാലും ബജാജ് പുതിയ പള്‍സര്‍ F250 1,50,829 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അപ്ഡേറ്റഡ് പള്‍സര്‍ F250 മോട്ടോര്‍സൈക്കിളിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ വെറും 851 രൂപ മാത്രമാണ് കൂടുതല്‍ മുടക്കേണ്ടത്.