അപ്പാച്ചെയ്ക്ക് ശേഷം ജനപ്രിയമായി മാറി റൈഡര്‍ 125; ചൂടപ്പം പോലെ വിറ്റഴിക്കുന്നു; ടി.വി.എസിന് ചാകരക്കാലം

0

ആഭ്യന്തര വിപണിയില്‍ 3,01,449 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് 2025 സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കമിട്ടിരിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പോയമാസം 29 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. 2024 ഏപ്രിലില്‍ ടിവിഎസ് 1,32,339 സ്‌കൂട്ടറുകളും 1,27,186 മോട്ടോര്‍സൈക്കിളുകളും 41,924 മോപ്പഡുകളും വിറ്റഴിച്ചു. സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ജുപ്പിറ്ററും എന്‍ടോര്‍ഖും കാര്യമായ സംഭാവന ചെയ്യുമ്പോഴും ബൈക്ക് വില്‍പ്പനയില്‍ കമ്പനിക്ക് കരുത്താകുകയും തലക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് അപ്പാച്ചെയ്ക്ക് ശേഷം ജനപ്രിയമായി മാറിയ റൈഡര്‍ 125.

തമിഴ്‌നാട്ടില്‍ നിന്നുള്ള ടിവിഎസ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ 125 സിസി മോട്ടോര്‍സൈക്കിളാണ് റൈഡര്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടിവിഎസിന്റെ ബെസ്റ്റ് സെല്ലര്‍ ബൈക്കായി ഇത് മാറിയിരുന്നു. പോയ സാമ്പത്തിക വര്‍ഷം റൈഡറിന്റെ 4,78,443 യൂണിറ്റുകളാണ് ടിവിഎസ് വിതരണം ചെയ്തത്. അപ്പാച്ചെ സീരീസിനെ പിന്തള്ളി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടിവിഎസ് ഉല്‍പ്പന്നങ്ങളു2െ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും റൈഡറിനായി.

ജുപ്പിറ്ററും XL മോപ്പഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. വെറും 3360 യൂണിറ്റുകളുടെ വ്യത്യാസത്തിനാണ് രണ്ടാം സ്ഥാനം നഷ്ടമായതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ റൈഡര്‍ 125 മോട്ടോര്‍സൈക്കിളിന്റെ മൊത്തം വില്‍പ്പന 7,94,573 യൂണിറ്റിലെത്തിയിരുന്നു. അതായത് 8,00,000 യൂണിറ്റ് വില്‍പ്പന നാഴികകല്ല് മറികടക്കാന്‍ വെറും 5,247 യൂണിറ്റിന്റെ മാത്രം കുറവ്.
എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം തന്നെ 51,098 യൂണിറ്റ് വില്‍പ്പനയുമായി റൈഡര്‍ നാഴികക്കല്ല് താണ്ടി. 2023 ഏപ്രിലില്‍ വിറ്റ 31491 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന വളര്‍ച്ച 62 ശതമാനമാണ്. കഴിഞ്ഞ മാസവും അപ്പാച്ചെ സീരീസിനെ (45520 യൂണിറ്റ്) മറികടക്കാന്‍ റൈഡറിനായി. 2024 ഏപ്രിലില്‍ ടിവിഎസിന്റെ മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയുടെ 40 ശതമാനവും മൊത്തം ഇരുചക്രവാഹന വില്‍പ്പനയുടെ 17 ശതമാനവും സംഭാവന ചെയ്തത് റൈഡര്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here