
ഇന്ത്യൻ വിപണിയിൽ 70 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടിരിക്കുകയാണ് ടിവിഎസ് ജുപ്പിറ്റർ. ആദ്യം 110 സിസി മോഡലായും പിന്നീട് 125 സിസി പതിപ്പിലും അവതരിപ്പിച്ച മോഡൽ 71,40,927 യൂണിറ്റുകളുടെ വിൽപ്പനയാണ് കഴിഞ്ഞ വർഷം നവംബർ വരെ പൂർത്തിയാക്കിയിരിക്കുന്നത്. ടിവിഎസ് മോട്ടോർ കമ്പനിയുടെ മൊത്തം സ്കൂട്ടർ വിൽപ്പനയായ 11.48 ദശലക്ഷം യൂണിറ്റുകളുടെ 62 ശതമാനവും ജുപ്പിറ്ററാണ് സംഭാവന ചെയ്യുന്നതും.
ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനം കൂടിയാണിത്. ഫാമിലി സ്‌കൂട്ടറിന്റെ ഗെറ്റപ്പിനൊപ്പം നല്ല മൈലേജും, അതിനൊത്ത പെർഫോമൻസും പ്രായോഗികതയും ഫീച്ചറുകളും എല്ലാം നിറഞ്ഞ ജുപ്പിറ്റർ സംഭവം തന്നെയാണ്. അടുത്തിടെ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുന്ന മോഡലിനും വലിയ സ്വീകാര്യതയാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഫീച്ചറുകൾ, മികച്ച പെർഫോമൻസ് എന്നിവയുടെ സംയോജനമാണ് രണ്ടാംതലമുറ ആവർത്തനം. 73,700 രൂപ മുതൽ 87,250 രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഈ സ്‌കൂട്ടർ ബേസ് ഡ്രം, ഡ്രം അലോയ്, ഡ്രം സ്മാർട്ട്Xകണക്‌ട്, ഡിസ്‌ക് സ്മാർട്ട്Xകണക്‌ട് എന്നിങ്ങനെ നാല് വ്യത്യസ്‌ത വേരിയന്റുകളിൽ സ്വന്തമാക്കാനും സാധിക്കും. എർഗണോമിക് ഡിസൈനിനൊപ്പം റൈഡർ സൗകര്യത്തിന് മുൻഗണന നൽകിയാണ് പുതുതലമുറ മോഡൽ ഒരുക്കിയിരിക്കുന്നത്.
TVS Jupiter set record in Indian market