ഡിക്യുവിന് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പായാൻ പുതിയ സാരഥി; റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി താരം

0

ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുള്ള സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന് ​ഗാരജിലില്ലാത്ത കാറുകളില്ലെന്ന് വേണം പറയാന്‍. അക്കൂട്ടത്തിലേക്ക് പുത്തനൊരു വണ്ടി കൂടി വാങ്ങിയിരിക്കുകയാണ് ഡിക്യു. ഇത്തവണ കൊണ്ടു വന്നിരിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് എസ്യുവിയാണ്. ഇന്ത്യയില്‍ കിട്ടാവുന്നതില്‍ വെച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

ഇതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുന്ന റേഞ്ച് റോവര്‍ L322 എസ്യുവിയുടെ അപൂര്‍വ മോഡലുകളില്‍ ഒന്നാണിത്. 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനുള്ള റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ 2010 മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തില്‍ താരം കറങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിട്ടുമുണ്ട്. മാനുവല്‍ മോഡുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഇതിന്റെ കൂറ്റന്‍ എഞ്ചിന് 6500 ആര്‍പിഎമ്മില്‍ 510 bhp കരുത്തും 2500 ആര്‍പിഎമ്മില്‍ പരമാവധി 626 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേര്‍ഡായി തന്നെ ഫോര്‍വീല്‍ ഡ്രൈവുമായി വരുന്ന വാഹനം ഓണ്‍-റോഡിലും ഓഫ്-റോഡിലും ഒരുപോലെ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതിനായി സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ പോലുള്ള കിടിലന്‍ സംവിധാനങ്ങള്‍ പോലും അക്കാലത്ത് റേഞ്ച് റോവറില്‍ ലാന്‍ഡ് റോവര്‍ വാഗ്ദാനം ചെയ്തിരുന്നു. അഡാറ് റോഡ് പ്രസന്‍സുള്ള എസ്യുവി വലിപ്പത്തിലും ഭീമനാണ്.

4999 mm നീളം, 2220 mm വീതി, 1835 mm ഉയരം, 2922 mm വീല്‍ബേസ്, 295.5 mm ഗ്രൌണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് റേഞ്ച് റോവറിന്റെ ഈ പഴയ പടക്കുതിരയ്ക്കുള്ളത്. പഴയതാണെങ്കിലും ഫീച്ചറുകളിലും ധാരാളിയാണ് കക്ഷി.

dq’s new car

LEAVE A REPLY

Please enter your comment!
Please enter your name here