ഇലക്ട്രിക്ക് വാഹനങ്ങൾ ഉൾപ്പടെ നിരത്തിലിറക്കി ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങിമ ഫോർഡ്.തിരിച്ചുവരാനുള്ള ഫോർഡിൻ്റെ പദ്ധതികളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഫോർഡ് സിഇഒ ജിം ഫാർലി ഫോർഡിൻ്റെ ഇന്ത്യയിലെ തിരിച്ചുവരവിനെക്കുറിച്ചുള്ള സാധ്യതാ റിപ്പോർട്ട് അവലോകനം ചെയ്യുകയാണെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഇലക്‌ട്രിക് വാഹനങ്ങൾ, കയറ്റുമതി, ചെന്നൈയിലെ മരമലൈനഗർ ഫാക്ടറിയുടെ റീ-ടൂളിങ്ങ് എന്നിവയിൽ ഫോഡിൻ്റെ ഇന്ത്യൻ തിരിച്ചുവരവ് പച്ചപിടിച്ചാൽ, ഫോഡിൻ്റെ ഇന്ത്യൻ തിരിച്ചുവരവ് ഉറപ്പായും നടക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
തിരിച്ചുവരവിൻ്റെ സാധ്യതയെക്കുറിച്ചും ഇവിടുത്തെ വിപണിയിലെ വളരുന്ന സാധ്യതകളെക്കുറിച്ചുമുള്ള ഒരു ആന്തരിക റിപ്പോർട്ടാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഇനി ഫോർഡിൻ്റെ ഗ്ലോബൽ ടീം പരിഗണിക്കും. ഇന്ത്യയിലേക്കുള്ള റീ എൻട്രി അംഗീകരിക്കപ്പെട്ടാൽ, ചെന്നൈ ഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിക്കാൻ ഫോർഡിന് ഏകദേശം ഒരു വർഷമെടുത്തേക്കാം. പ്ലാൻ്റും മെഷിനറികളും വീണ്ടും കാറുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമാക്കുന്നതിനൊപ്പം നിയമപരമായ വശത്തും ഒരുപാട് ജോലികൾ ചെയ്യേണ്ടതുണ്ട്.
ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള സാധ്യതയും വിപണിയുടെ വളർച്ചാ സാധ്യതയും സംബന്ധിച്ച റിപ്പോർട്ട് ഫോർഡ് തയ്യാറാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി തിരിച്ചുവരവ് നടത്തുകയാണെങ്കിൽ, ഇത്തവണ ഫോർഡ് പുതിയ നിക്ഷേപങ്ങൾ നടത്തുകയും ഇലക്ട്രിക് കാറുകളും പരിസ്ഥിതി സൗഹൃദ കാറുകളും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന് പുറമെ രാജ്യത്ത് നിന്ന് കാറുകളും കയറ്റുമതി ചെയ്യും.
ഇലക്ട്രിക് വാഹന ഫാക്ടറികൾ സ്ഥാപിക്കുന്ന വിദേശ വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യൻ സർക്കാർ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന ഇറക്കുമതി തീരുവ ഇളവുകൾ പ്രയോജനപ്പെടുത്താൻ ഫോർഡ് ചെന്നൈ ഫാക്ടറിയിൽ ഗണ്യമായ തുക വീണ്ടും നിക്ഷേപിച്ചേക്കാൻ സാധ്യതയുണ്ട്. സ്‍കീം ഫോർ മാനുഫാക്ചറിംഗ് ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ എസ്എംഇസി എന്നാണ് പോളിസിയുടെ പേര്. 1990-കളുടെ മധ്യത്തിൽ മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു ഫോർഡിന്‍റെ നേരത്തെയുള്ള ഇന്ത്യൻ പ്രവേശനം.
എംജി മോട്ടോർ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഓഹരികൾ വാങ്ങിയിരിക്കുന്ന ഇന്ത്യൻ വ്യാവസായിക കമ്പനിയായ ജെഎസ്ഡബ്ല്യുവിന് ചെന്നൈ ഫാക്ടറി വിൽക്കുന്നതിൽ നിന്ന് ഫോർഡ് ഇന്ത്യ പിന്മാറിയതോടെയാണ് കമ്പനിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്‍റെ സൂചനകൾ ശക്തമായത്. ഗുജറാത്തിലെ സാനന്ദിലുള്ള ഫോർഡിൻ്റെ മറ്റൊരു ഫാക്ടറി ടാറ്റ മോട്ടോഴ്‌സിന് നേരത്തെതന്നെ വിറ്റിരുന്നു.
Ford is preparing to return to India