മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആദ്യമായി 5 ലക്ഷം എസ്യുവികള്‍ വിറ്റ വര്‍ഷമാണ് 2024. സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നീ പേരുകളില്‍ ലഭ്യമായ മഹീന്ദ്ര സ്‌കോര്‍പിയോ ശ്രേണിയാണ് നിലവില്‍ കമ്പനിയുടെ നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍. ജനുവരി മുതല്‍ നവംബര്‍ വരെ എസ്യുവിയുടെ 1,54,169 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ മഹീന്ദ്രയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനവും സംഭാവന ചെയ്തത് സ്‌കോര്‍പിയോ സീരീസാണ്.
മഹീന്ദ്ര സ്‌കോര്‍പിയോ N പതിപ്പിന് നിലവില്‍ 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന എസ്യുവി 6, 7 എന്നിങ്ങനെ രണ്ട് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലാണ് വിപണനത്തിന് എത്തുന്നത്. ഒപ്പം തെരഞ്ഞെടുക്കാന്‍ Z2, Z4, Z6, Z8, Z8L തുടങ്ങീ വൈവിധ്യമാര്‍ന്ന വേരിയന്റുകളിലും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
മറുവശത്ത് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ മാത്രമുള്ള സ്‌കോര്‍പിയോ ക്ലാസിക്കിന് 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ജനുവരി മുതല്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പിലാക്കിയതിനാല്‍ രണ്ട് എസ്യുവികളുടേയും വിലകളില്‍ മാറ്റമുണ്ടായേക്കാം
ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്യുവിയുടെ ഹൃദയം. 130 bhp കരുത്തില്‍ പരമാവധി 300 Nm torque വരെ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്‌കോര്‍പിയോ ക്ലാസിക്കിന് ഓട്ടോമാറ്റിക് ട്രാനസ്മിഷന്‍ കമ്പനി നല്‍കുന്നില്ല. വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഫ്രണ്ട് ഗ്രില്‍, പുതിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, റീഡിസൈന്‍ ചെയ്ത അലോയ് വീലുകള്‍ എന്നീ സവിശേഷതകളെല്ലാം മുടക്കുന്ന വിലയ്ക്ക് കിട്ടും.
2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോര്‍പിയോ N മോഡല്‍ വിപണനത്തിന് എത്തുന്നത്. പെട്രോള്‍ എഞ്ചിന്‍ 200 bhp പവറില്‍ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം ഡീസല്‍ 175 bhp കരുത്തില്‍ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ടിലും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാണ്. 93,850 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്രയുടെ കരുത്തുറ്റതുമായ വര്‍ക്ക്ഹോഴ്സ് മോഡലായ ബൊലേറോയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
Mahindra & Mahindra sold 5 lakh SUVs last year;