Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഫെയ്സ്ലിഫ്റ്റിന് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട; പക്ഷേ ഈ ഫീച്ചറുകളിൽ നിസാൻ ഞെട്ടിക്കും

പുതിയൊരു സ്‌പോർട് യൂട്ടിലിറ്റി വാഹനം കൂടി അവതരിപ്പിക്കാൻ ഒരുങ്ങി നിസാൻ. മാഗ്‌നൈറ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പായിരിക്കും ആ മോഡൽ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റ് 2024 ഒക്ടോബർ നാലിന് അരങ്ങേറ്റം കുറിക്കും. മെക്കാനിക്കലായോ എഞ്ചിനിലോ മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റിന് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പകരം പുതിയ രൂപത്തിലേക്ക് മാറുന്നതിനോടൊപ്പം കിടിലൻ ഫീച്ചറുകളുടെ വരവിനും സാക്ഷ്യംവഹിക്കാനായേക്കും.

സിംഗിൾ പാൻ ഇലക്ട്രിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 9 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ എന്നിങ്ങനെയുള്ള കുറച്ച് പുതിയ ഫീച്ചറുകൾ ഇന്റീരിയറിലേക്ക് എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഡ്രൈവർക്കുള്ള 7 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേയും പരിഷ്‌ക്കരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഡാഷ്ബോർഡിനായി പുതിയ മെറ്റീരിയലുകളും സീറ്റുകൾക്കായി ഒരു പുതിയ അപ്ഹോൾസ്റ്ററിയും നിസാൻ നൽകിയേക്കും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും എസ്യുവി വിപണിയിലേക്ക് എത്തുക. ഇതിൽ ആദ്യത്തേത് 71 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ടാമത്തെ ടർബോചാർജ്ഡ് യൂണിറ്റിലേക്ക് വന്നാൽ 100 bhp കരുത്തിൽ 160 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളകായിരിക്കും ഇത്. NA എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായോ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കാം. മറുവശത്ത് ടർബോചാർജ്ഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ലഭിക്കുക. 6 ലക്ഷം രൂപയിൽ തുടങ്ങി 11.27 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റിന്റെ നിലവിലെ വില. മുഖംമിനുക്കിയെത്തുമ്പോൾ വാഹനത്തിന്റെ വിലയിലും ചെറിയ വർധനവുണ്ടായേക്കാം.

Exit mobile version