
സ്കൂട്ടറുകളില്‍ അടിക്കടി പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്ന കമ്പനിയാണ് ഏഥര്‍ എനര്‍ജി. വൈകാതെ തന്നെ 450X ഇലക്ട്രിക്കിന് ചില മാറ്റങ്ങള്‍ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നേവി ബ്ലൂ, യെല്ലോ എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ഇവിയില്‍ അവതരിപ്പിക്കാന്‍ മാത്രമാണ് ഏഥര്‍ എനര്‍ജിയുടെ നിലവിലെ പ്ലാന്‍. റിസ്ത ഫാമിലി ഇലക്ട്രിക് സ്കൂട്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കളര്‍ സ്കീമുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ കോസ്മിക് ബ്ലാക്ക്, സാള്‍ട്ട് ഗ്രീന്‍, സ്പേസ് ഗ്രേ, സ്റ്റില്‍ വൈറ്റ്, ട്രൂ റെഡ്, ലൂണാര്‍ ഗ്രേ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളിലാണ് 450X നിലവില്‍ വാഗ്ദാനം ചെയ്യുന്നത്.
പുതിയ നിറങ്ങള്‍ കൂടാതെ, ജെന്‍ 3 450 സീരീസിന് മാജിക് ട്വിസ്റ്റ് സവിശേഷതയും ലഭിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ത്രോട്ടില്‍ എതിര് ദിശയില്‍ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മികച്ച സ്പീഡ് മോഡുലേഷന് അനുവദിക്കാനായാണ് ഏഥര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒപ്പം ദിവസേനയുള്ള റൈഡിംഗ് സ്പീഡില്‍ ബ്രേക്കിന് ആയാസം കുറയ്ക്കാനും മാജിക് ട്വിസ്റ്റ് സഹായിക്കും. ഏഥര്‍ എനര്‍ജിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറാണ് 450X. 1.40 ലക്ഷം രൂപ മുതലാണ് നിലവില്‍ ഇതിന് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് വലിപ്പത്തിലുള്ള ബാറ്ററികളില്‍ വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് 450X വേരിയന്റിന് 1.55 ലക്ഷവും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും.
വേരിയന്റുകളെ ആശ്രയിച്ച് ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഇവി സമ്മാനിക്കുന്നത്. ഏഥര്‍ പറയുന്നതനുസരിച്ച് 450X ഇവിയുടെ റിയല്‍ വേള്‍ഡ് റേഞ്ച് 90 കിലോമീറ്ററിനും 110 കിലോമീറ്ററിനും ഇടയിലാണ്.അതേസമയം ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം 90 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വാഹനത്തിന് വെറും 3.3 സെക്കന്‍ഡ് സമയം മാത്രമാണ് വേണ്ടി വരിക.
Ather will arrive colorfully in the New Year