
വിയറ്റ്നാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കൾ ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. ജനുവരി 17 മുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ വിന്‍ഫാസ്റ്റിന്റെ വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടീസര്‍ ഉള്‍പ്പെടെ പുറത്തിറക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വിന്‍ഫാസ്റ്റ് വി.എഫ്.7, വി.എഫ്.9 എന്നീ ഇലക്ട്രിക് എസ്.യു.വികളായിരിക്കും പ്രദര്‍ശനത്തിനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സീറ്റര്‍ ഇലക്ട്രിക് എസ്.യു.വി. ശ്രേണിയിലേക്കായിരിക്കും വി.എഫ്.7 എത്തുന്നത്. ക്രോസ്ഓവര്‍ സിലുവേറ്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ഡിസൈന്‍ വി പാറ്റേണ്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് ചിത്രങ്ങള്‍ നല്കുന്ന സൂചന. ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വി.എഫ്.7 വിദേശ വിപണികളില്‍ എത്തിയിരിക്കുന്നത്.
75.3 കിലോവാട്ട് ബാറ്ററിപാക്കാണ് ഈ മോഡലില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഇക്കോ പതിപ്പില്‍ 450 കിലോമീറ്റര്‍ റേഞ്ചും പ്ലസ് പതിപ്പില്‍ 431 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. ഇക്കോ വേരിയന്റില്‍ 204 എച്ച്.പി. പവറും 310 എന്‍.എം.ടോര്‍ക്കുമേകുന്ന സിംഗിള്‍ മോട്ടോറാണ് കരുത്തേകുന്നത്. അതേസമയം, പ്ലസ് വേരിയന്റില്‍ നല്‍കിയിട്ടുള്ള രണ്ട് മോട്ടോറുകള്‍ 345 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകും. ലെവല്‍ ടൂ ആഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
Electric car arrives from Vietnam