
2025 ഓട്ടോ എക്സ്പോയില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ കണ്‍സെപ്റ്റ് മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇസുസു ഡി-മാക്സ് പിക്ക്-അപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ്. 2024-ന്റെ ആദ്യ പകുതിയില്‍ ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ (BIMS) അരങ്ങേറ്റം കുറിച്ച ശേഷം, ഓള്‍-ഇലക്ട്രിക് ഇസുസു D-Max BEV കണ്‍സെപ്റ്റ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇസുസു ഡി-മാക്സ് ഇവിയുടെ ഇലക്ട്രിക് ഐഡന്റിറ്റി അടിവരയിടുന്ന സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ എക്സ്റ്റീരിയറില്‍ അടയാളപ്പെടുത്തുന്നു.
ഇതില്‍ പുതിയ നീല നിറത്തിലുള്ള ഗ്രില്‍, പരിഷ്‌കരിച്ച ബമ്പറുകള്‍, പുതുക്കിയ അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റുകള്‍, പരിഷ്‌കരിച്ച ടെയില്‍ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ വാഹനത്തിന് ഒരു സവിശേഷമായ രൂപം സമ്മാനിക്കുന്നു. ഡി-മാക്സ് ഇവി കണ്‍സെപ്റ്റില്‍ 66.9kWh ബാറ്ററിയും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉണ്ട്. ഇത് 175 bhp പവറും 325 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇതിന് 3.5 ടണ്‍ ടോവിംഗ് ശേഷിയും 1,000 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. CCS2 തരത്തില്‍ DC ചാര്‍ജിംഗും ടൈപ്പ് 2 വഴി AC ചാര്‍ജിംഗും ഇത് പിന്തുണയ്ക്കുന്നു.
ഇസുസു ഡി-മാക്സ് പിക്ക്-അപ്പ് മോഡലിലൂടെ പെര്‍ഫോമന്‍സും ഈടും നിലനിര്‍ത്തിക്കൊണ്ട് പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ കമ്പനി സന്നദ്ധത കാണിക്കുന്നു. ഡി-മാക്‌സിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഇസുസു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Isuzu D-MAX Pickup