
ഇവി ഡേയില്‍ വെച്ച് കിയ തങ്ങളുടെ ആദ്യ വാന്‍ ആയ PV5 ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു. കിയയുടെ ആദ്യ വാന്‍ മാത്രമല്ല, സ്വകാര്യ, വാണിജ്യ മേഖലകളെ ലക്ഷ്യം വച്ചുള്ള ഓള്‍-ഇലക്ട്രിക് മള്‍ട്ടി-പര്‍പ്പസ് യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്‌ഫോം ബിയോണ്ട് വെഹിക്കിള്‍ അഥവാ പിബിവിയുടെ ആമുഖ മോഡല്‍ കൂടിയാണിത്. PV5 കിയ വ്യത്യസ്ത ബോഡി സ്റ്റൈലുകളില്‍ വാഗ്ദാനം ചെയ്യും. പാസഞ്ചര്‍, കാര്‍ഗോ, ക്രൂ ക്യാബ്, വീല്‍ചെയര്‍ ആക്‌സസിബിള്‍ (WAV) എന്നിവയാണവ.
PV5 വാനിന്റെ എല്ലാ വേരിയന്റുകളിലും മുന്നില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ക്രൂ ക്യാബ്, പാസഞ്ചര്‍, WAV ബോഡി സ്റ്റൈലുകള്‍ക്ക് പിന്നില്‍ മൂന്ന് സീറ്റുകളാണ് ലഭിക്കുന്നത്. ഡാഷ്ബോര്‍ഡില്‍ 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 7 ഇഞ്ച് സ്‌ക്രീനും ഉണ്ട്. ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകളെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡിസ്പ്ലേ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അതിന് ഒരു ഇന്‍-ബില്‍റ്റ് ആപ്പ് സ്റ്റോറും ഉണ്ടായിരിക്കും. ബാഹ്യ ഉപകരണങ്ങള്‍ പവര്‍ ചെയ്യാന്‍ സഹായിക്കുന്ന V2L (വെഹിക്കിള്‍-ടു-ലോഡ്) ശേഷിയും ഇലക്ട്രിക് വാനിനുണ്ടാകും.