വിന്‍ഡ്സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ച് എംജി; അപ്രതീക്ഷിത അടിയെന്ന് വാഹനപ്രേമികൾ

0

2025 ജനുവരി 1 മുതല്‍ എംജി വിന്‍ഡ്സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില 50,000 രൂപ വര്‍ധിപ്പിച്ചിരിയ്ക്കുകയാണ്. v3cars വെബ്‌സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം പഴയ വിലയെ അപേക്ഷിച്ച് പുതിയ ഇവിക്ക് മൂന്ന് ശതമാനത്തിലധികമാണ് വില വര്‍ധനവ്. എന്നിരുന്നാലും എംജി മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും പഴയ വിലകളാണ് ദൃശ്യമാകുന്നത്. ഉടന്‍ തന്നെ വെബ്‌സൈറ്റിലും പരിഷ്‌കരിച്ച വില പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ കാറിന്റെ മൂന്ന് വേരിയന്റുകളിലും 3.25% മുതല്‍ 3.70% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. എംജി വിന്‍ഡ്സര്‍ ഇവിയുടെ പ്രാരംഭ വില ഇപ്പോള്‍ 14 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. വില വര്‍ധനവ് നിലവില്‍ വന്ന ശേഷം എംജി വിന്‍ഡ്സര്‍ ഇവിയുടെ എക്സൈറ്റ് വേരിയന്റിന്റെ വില 13,99,800 രൂപയായി. 13,49,800 രൂപയായിരുന്നു പഴയ വില. 14,99,800 രൂപയുണ്ടായിരുന്ന എക്സ്‌ക്ലൂസീവ് ട്രിമ്മിന്റെ വില 14,99,800 രൂപയാണ്. ടോപ് എന്‍ഡ് എസെന്‍സ് വേരിയന്റിന് ഇനി മുതല്‍ 15,99,800 രൂപ ചിലവ് വരും. മുമ്പ് ഈ വേരിയന്റ് 15,49,800 രൂപയ്ക്ക് കിട്ടിയിരുന്നു. എക്സ്ഷോറൂം വിലകളാണിത്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് നല്ല ഡിമാന്‍ഡ് ആണ്. പ്രതിമാസം 3,000-ലധികം കാറുകളാണ് വിതരണം ചെയ്യുന്നത്. വിലയിലെ മാറ്റം ഒരുപക്ഷേ വില്‍പ്പനയില്‍ പ്രതിഫലിച്ചേക്കാം.

2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എംജി മൊത്തം 10045 വിന്‍ഡ്സര്‍ ഇവികളാണ് വിറ്റത്. എംജിയുടെ മോഡല്‍ നിരയിലെ മറ്റ് വാഹനങ്ങള്‍ എല്ലാം ചേര്‍ത്ത് ഇതേ കാലയളവില്‍ വിറ്റത് 20,580 യൂണിറ്റാണ്. അങ്ങനെ വരുമ്പോള്‍ കമ്പനിയുടെ മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പനയുടെ 49 ശതമാനം സംഭാവന ചെയ്യുന്നത് വിന്‍ഡ്സര്‍ ഇവിയാണ്. ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 70 ശതമാനവും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here