
2025 ഓട്ടോ എക്‌സ്‌പോയില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് ഇ-വിറ്റാരയെ പ്രൊഡക്ഷന്‍ അവതാരത്തില്‍ മാരുതി പ്രദര്‍ശിപ്പിച്ചിരുന്നു. കാറിന്റെ സവിശേഷതകളും മറ്റും വാഹന മാമാങ്കത്തില്‍ വെച്ച് തന്നെ കമ്പനി വെളിപ്പെടുത്തി. എന്നാല്‍ വില മാത്രം സര്‍പ്രൈസായി നിലനിര്‍ത്തിയിരിക്കുകയാണ്. 2025 മാര്‍ച്ചില്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിയുടെ ലോഞ്ച് അടുത്തുവെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവി രാജ്യത്തെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവി കര്‍ണാടക തലസ്ഥാന നഗരിയായ ബാംഗ്ലൂരിലെ ഒരു മാരുതി സുസുക്കി ഷോറൂമില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പ്രീമിയം കാര്‍ ആയതിനാല്‍ തന്നെ മാരുതി ഇ-വിറ്റാര കമ്പനിയുടെ നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും വിപണനം ചെയ്യുക.
ലോഞ്ചിന് മുന്നോടിയായി ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഇവി ഡീലര്‍ഷിപ്പുകളിലേക്ക് അയക്കുന്നത് കൊണ്ട് ചില മെച്ചങ്ങള്‍ ഉണ്ട്. ഇത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇ-വിറ്റാരയില്‍ 48.8 kWh , 61.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയില്‍ നിന്നുള്ള ലിഥിയം അയണ്‍-ഫോസ്‌ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികള്‍ ഉപയോഗിക്കുന്നത്. കൃത്യമായ റേഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇ-വിറ്റാര ഫുള്‍ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. മാരുതി ഇ-വിറ്റാരയില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ക്രെറ്റ ഇവി 17.99 ലക്ഷം രൂപക്ക് ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മാരുതി ഇ-വിറ്റാരക്ക് 17 ലക്ഷം രൂപ വിലയിട്ടാല്‍ അത്ഭുതപ്പെടാനില്ല. ഏതായാലും അത് അറിയാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി കാത്തിരുന്നാല്‍ മതി.
New Vitara ev