റോള്‍സ് റോയ്സ് കലിനന് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചു .ലക്ഷ്വറി എസ്യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 10.50 കോടി രൂപയും ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് ഇന്ത്യയില്‍ വരുന്ന പ്രാരംഭ വില. റോഡ് ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി ഓണ്‍-റോഡില്‍ എത്തുമ്പോള്‍ വില ഇനിയും കൂടും. ഔദ്യോഗികമായി കലിനന് സീരീസ് II എന്നറിയപ്പെടുന്ന പുതുക്കിയ എസ്യുവി ഈ വര്‍ഷം മേയിലാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.
പുതിയ സ്റ്റൈലിംഗും പരിഷ്ക്കരിച്ച മോഡണ് ഇന്റീരിയറും നവീകരിച്ച സാങ്കേതികവിദ്യയുമായാണ് മുഖംമിനുക്കിയ റോള്‍സ് റോയ്സ് എസ്യുവി ഇന്ത്യന്‍ നിരത്തുകളിലേക്ക് കടന്നുവന്നിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാല്‍ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് വാഹനത്തിന് മൊത്തത്തിലുള്ളത്. കലിനന് സീരീസ് II മോഡലിന് ഘആകൃതിയിലുള്ള എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞ ഹെഡ്ലാമ്പുകളാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ ബമ്പറിലേക്ക് നീളുന്ന വിധത്തിലായതിനാല്‍ പ്രീമിയം ഫീല്‍ വര്‍ധിക്കുന്നുമുണ്ട്. എസ്യുവിയുടെ ഗ്രില്‍ ചെറുതായി റീഡിസൈന്‍ ചെയ്യാനും കമ്പനി തയാറായിട്ടുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്കിഡ് പ്ലേറ്റിനൊപ്പം റിയര്‍ ബമ്പറിലും മാറ്റങ്ങള്‍ കാണാം. കലിനന്റെ അലോയ് വീല്‍ ഡിസൈനും പുതിയതാണ്.