
കൊച്ചി ∙ടെസ്‌ലയുടെ ക്രോസ്ഓവർ എസ്‌യുവി മോഡൽ എക്സ് കേരളത്തിൽ. ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂചർ 2025 പ്രചരണത്തിന്റെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫാണ് എക്സ് കേരളത്തിൽ എത്തിച്ചത്. ഈ പരിപാടിക്കായി ടോം ജോസഫ് ലണ്ടനിൽ വാങ്ങിയതാണ് ടെസ്‌ല മോഡൽ എക്സ്. ഫ്യൂച്ചർ എന്ന റജിസ്ട്രേഷൻ നമ്പറുമാണ് വാഹനത്തിന്. കാർനെറ്റ് വഴി കേരളത്തിൽ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.
ഒറ്റചാർജിൽ 358 മൈൽ (576 കിലോമീറ്റർ) സഞ്ചരിക്കും ഈ ക്രോസ് ഓവർ എസ്‍യുവി. 60 മൈൽ (96 കിലോമീറ്റർ) വേഗത്തിലെത്താൻ 3.8 സെക്കൻഡ്, ഉയർന്ന വേഗം 155 മൈൽ (250 കിലോമീറ്റർ). ട്രൈ മോട്ടർ പവർട്രെയിനാണ് മോഡൽ എക്സിന്. മുൻ മോട്ടറിന് 252 കിലോവാട്ട് കരുത്തുണ്ട്. പിന്നിൽ 252 കിലോവാട്ട് കരുത്ത് വീതുമുള്ള രണ്ട് മോട്ടറുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് മോട്ടറുകളും കൂടി ചേർന്ന് എക്സിന് 670 എച്ച്പി പരമാവധി കരുത്ത് നൽകും. ആറു േപർക്ക് വരെ സഞ്ചരിക്കാവുന്ന ഈ എസ്‍യുവിയുടെ ഭാരം 2462 കിലോഗ്രാമാണ്.
ലണ്ടനിൽ നിന്നും എയർ കാർഗോ വഴിയാണ് ടെസ്‌ല എക്സ് കേരളത്തിൽ എത്തിച്ചത്. ടെസ്‌ലയുടെ എസ്‍യുവിയുടെ 2024 മോഡലാണ്. 2015 ൽ ടെസ്‍ല വിപണിയിലെത്തിച്ച വാഹനമാണ് മോഡൽ എക്സ്. ടെസ്‍ലയുടെ ജനപ്രിയ കാറുകളിലൊന്നാണ്. മുന്നിൽ സാധാരണ രീതിയിൽ തുറക്കുന്ന ഡോറുകളുമാണ് പിന്നിൽ താഴെനിന്നു മുകളിലേക്കു തുറക്കുന്ന ഫാൽക്കൺ ഡോറുകളുമാണ്.
Tesla cross over suv at kerala