ഇലക്ട്രിക് എസ്.യു.വി. മോഡലായ ഇ.വി.3 ആഗോളതലത്തില്‍ അവരിപ്പിച്ച് കിയ; ഇവനാള് പുലിയാണ്

0
63

കിയ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വി. മോഡലായ ഇ.വി.3 ആഗോളതലത്തില്‍ അവതരിപ്പിച്ചു. കിയയുടെ ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയിലായിരിക്കും ഈ വാഹനം ആദ്യം അവതരിപ്പിക്കുക. ജൂണ്‍ മാസത്തില്‍ തന്നെ ഇവിടെ എത്തിയേക്കുമെന്നാണ് സൂചനകള്‍. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ വിപണികളിലേക്കും 2025-ല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഈ വാഹനം എത്തിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്.

കിയയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും നിര്‍മിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. എല്‍.ജിയുടെ കെമിക്കല്‍ വിഭാഗമായ എല്‍.ജി.കെം നിര്‍മിച്ചിട്ടുള്ള 58.3 കിലോവാട്ട്, 81.4 കിലോവാട്ട് എന്നീ ബാറ്ററികളാണ് ഇ.വി.3-യില്‍ നല്‍കിയിട്ടുള്ളത്. ബാറ്ററി പാക്കിന്റെ ശേഷിയുടെ അടിസ്ഥാനത്തില്‍ സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളായി ഈ വാഹനത്തെ തിരിച്ചിട്ടുണ്ട്.

ഈ വാഹനത്തിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 35,000 മുതല്‍ 50,000 ഡോളർ വരെയായിരിക്കും (30 ലക്ഷം മുതല്‍ 42 ലക്ഷം രൂപ വരെ) ഏകദേശ വിലയെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇ.വി.3-യുടെ രണ്ടുലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് കിയ മോട്ടോഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഈ വാഹനം അടുത്ത വര്‍ഷത്തോടെ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here